കരിക്കിന്റെ വെബ് സീരീസിലൂടെ വന്ന് 2018 എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലേക്ക് ചുവടുവച്ച നിലീൻ സാന്ദ്ര തന്റെ സിനിമ അനുഭവങ്ങൾ പങ്കുവക്കുന്നു.
താൻ തിരക്കഥയൊരുക്കിയ സാമർഥ്യ ശാസ്ത്രം എന്ന വെബ്‌സീരീസിന്റേത് ഒരു മികച്ച സ്ക്രിപ്റ്റ് ആണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് നിലീൻ സാന്ദ്ര. കരിക്കിന് വേണ്ടി ആയതുകൊണ്ട് മാത്രമാണ് അതിന്റെ ക്ലൈമാക്സ് ആളുകൾ ഏറ്റെടുത്തതെന്നും അല്ലാത്തപക്ഷം അതൊരു തട്ടിക്കൂട്ട് സ്ക്രീൻപ്ലേ ആകുമായിരുന്നു എന്ന് താരം പറഞ്ഞു.
‘സാമർത്ഥ്യ ശാസ്ത്രം ഒരു ക്വാളിറ്റി സ്ക്രിപ്റ്റ് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതൊരു യൂ ട്യൂബ് സീരീസ് ആണ്. അതിന്റെ പ്രേക്ഷകരും വേറെയാണ്. അതിന്റെ ബജറ്റ് ഒരു സിനിമയുടെ പോലെയല്ല. അത് മുഴുവനായും നാല് മണിക്കൂർ ഉണ്ട്. ഒരു സിനിമക്ക് വേണ്ടിയുള്ള ബജറ്റല്ല അതിനുവേണ്ടി അനുവദിച്ചിരുന്നത്. അതുകൊണ്ട് അങ്ങനെ കുറെ വിട്ടുവീഴ്ചകൾ അതിനുവേണ്ടി ചെയ്യേണ്ടി വന്നിട്ടുണ്ട്.
കരിക്കായതുകൊണ്ടാണ് ഇത് വർക്ക് ആയത്. ഇതൊരു ഒ.ടി.ടി റിലീസിന് കൊടുത്തിരുന്നെങ്കിൽ ഞാൻ പെട്ടുപോയേനെ. കാരണം ജോർജ് വരും എന്നൊക്കെ ആളുകൾ വിചാരിച്ചത് അത് കരിക്കായതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് അതൊരു തട്ടിക്കൂട്ട് സ്ക്രീൻപ്ലേ ആണ്,’ നിലീൻ പറഞ്ഞു.
താൻ അഭിനയിച്ച ചിത്രത്തിൽ നിന്നും തന്റെ സീൻ കട്ട് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും അതിൽ ചെറിയൊരു ചമ്മൽ അനുഭവപ്പെട്ടിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
‘വൈറസ് എന്ന ചിത്രത്തിൽ നിന്നും ഞാൻ അഭിനയിച്ച സീൻ കട്ട് ചെയ്തിട്ടുണ്ട്. വീട്ടുകാരൊന്നും അന്ന് എന്നെ സപ്പോർട്ട് ചെയ്തിരുന്നില്ല. കരിക്കൊന്നും ഇറങ്ങാത്ത കാലമാണ്. കോഴിക്കോടായിരുന്നു ചിത്രത്തിന്റെ ഓഡിഷൻ ഒക്കെ നടന്നത്. ചിത്രം റിലീസ് ആയപ്പോൾ അമ്മയും അച്ഛനും ചിത്രം കാണാൻ പോയത് ഞാൻ അറിഞ്ഞിരുന്നില്ല. ചിത്രത്തിൽ നിന്നും എന്നെ കട്ട് ചെയ്ത് മാറ്റിയത് ഞാൻ അറിഞ്ഞിരുന്നു (ചിരിക്കുന്നു). അപ്പോൾ എനിക്ക് വളരെ ചമ്മൽ തോന്നി.
അതിലും ചമ്മൽ തോന്നിയത് ചിത്രത്തിന്റെ അവസാനം ഞാൻ കൈ അടിക്കുന്ന ഷോട്ട് ഉണ്ട്. എന്നെ പരിചയമുള്ളവരൊക്കെ ഈ സീൻ ശ്രദ്ധിച്ചു. അപ്പോൾ കുറെ ആളുകൾ ഞാൻ ജൂനിയർ ആർട്ടിസ്റ് ആയിരുന്നല്ലേ എന്ന് ചോദിച്ച് എന്നെ മനപ്പൂർവം ദേഷ്യം പിടിപ്പിക്കുമായിരുന്നു. അത് എനിക്ക് വളരെ ചമ്മൽ ഉണ്ടാക്കിയിട്ടുണ്ട്, നിലീൻ പറഞ്ഞു.
Content Highlights: Nileen Sandra on Karikku