Movie Day
വേണുവായിട്ട് തന്നെയായിരുന്നു പുള്ളി സെറ്റില്‍, ആരോടും മിണ്ടുന്നൊന്നും ഉണ്ടായിരുന്നില്ല; മെത്തേഡ് ആക്ടിങ്ങിന്റെ ആളാണ്: നിലീന്‍ സാന്‍ഡ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 29, 08:23 am
Thursday, 29th December 2022, 1:53 pm

സാമര്‍ത്ഥ്യ ശാസ്ത്രം വെബ് സീരീസിലെ ഡെയ്‌സിയായി വന്ന് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതയായി കഴിഞ്ഞു നിലീന്‍ സാന്‍ഡ്ര. സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ കഥയെഴുതിയതിനൊപ്പം തന്നെ സീരിസില്‍ വളരെ മികച്ച പ്രകടനം നടത്തി കയ്യടി നേടിക്കഴിഞ്ഞു നിലീന്‍.

സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ ഷൂട്ടിങ് സമയത്തെ കുറിച്ചും സെറ്റില്‍ സഹതാരങ്ങളോടൊപ്പമുള്ള രസകരമായ മുഹൂര്‍ത്തങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരം.

സാമര്‍ത്ഥ്യ ശാസ്ത്രത്തില്‍ വേണുവെന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ കൃഷ്ണചന്ദ്രനെ പറ്റിയാണ് നിലീന്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്.

‘സെറ്റിലെ ഓരോരോരുത്തരും എനിക്ക് പ്രിയപ്പെട്ടവരാണ്. എല്ലാവരും പാവങ്ങളുമാണ്. കൃഷ്ണചന്ദ്രനെ കുറിച്ച് പറയുകയാണെങ്കില്‍ പുള്ളി മെത്തേഡ് ആക്ടിങ്ങിന്റെ ഒരാളാണ്.

അതായത് പുള്ളിയെ ആ സമയത്ത് വേണു ആയിട്ടേ നമുക്ക് കാണാന്‍ പറ്റുകയുണ്ടായിരുന്നുള്ളൂ. ഇന്‍ റിയാലിറ്റി, പുള്ളി ആരോടും അങ്ങനെ അധികം മിണ്ടുന്നൊന്നുമില്ല. ഒരു പോയിന്റ് എത്തിയപ്പോള്‍ പുള്ളി അങ്ങനെ ആയി. ശരിക്കും വേണുവായി മാറി.

കെ.സി എന്നാണ് ഞാന്‍ കൃഷ്ണചന്ദ്രനെ വിളിക്കുന്നത്. ഭയങ്കര പാവമാണ്. അത്രയധികം സംസാരിക്കുകയൊന്നുമില്ല. പക്ഷേ കൂട്ടത്തില്‍ ഒട്ടും സംസാരിക്കാത്തത് ശബരീഷ് ആണ്. കെ.സിയെ ഇന്‌ട്രോവേര്‍ട്ട് എന്ന് പറയാന്‍ പറ്റില്ല, മിക്‌സഡ് ആയ സ്വഭാവക്കാരാണ്.

പുള്ളി കൂടുതല്‍ സമയവും ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ പഠിക്കാനായാണ് ചിലവഴിക്കുന്നത്. അതൊക്കെയാണ് പുള്ളിയുടെ സ്ഥായിയായ ഭാവം.

അതുപോലെ ശബരീഷുമായി ഞാന്‍ ഭയങ്കര അടിപൊളി ഫ്രണ്ട്ഷിപ്പാണ്. കരിക്കില്‍ റൊമാന്‍സ് അങ്ങനെ വന്നിട്ടില്ലാത്തത് കൊണ്ട് സാമര്‍ത്ഥ്യ ശാസ്ത്രത്തിലെ ഞങ്ങളുടെ സീനൊക്കെ ഇത്ര കണ്ട് വര്‍ക്കാവുമെന്ന് വിചാരിച്ചിരുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള സീനിന്റെ ചെറിയ കട്ട് എന്തെങ്കിലും വരുമെന്നേ വിചാരിച്ചിരുന്നുള്ളു.

എന്നാല്‍ ഇത് റിലീസായ ശേഷം ജോ – ഡെയ്സി എന്ന രീതിയില്‍ തന്നെ ആളുകള്‍ ഏറ്റെടുത്തു. സത്യം പറഞ്ഞാല്‍ ഈ ജോ-ഡെയ്സി റിലേഷന്‍ ചുമ്മാ ഒരു ഡിസീവിങ്ങിനു വിട്ടുകൊടുത്ത ഒരു സാധനമാണ്. പിന്നെ അതെന്തോ നന്നായി വന്നു.

സ്‌ക്രിപ്റ്റിലും ഞാന്‍ അത് കാര്യമായൊന്നും എഴുതിയിരുന്നില്ല. ജോ ഡെയ്‌സിയെ നോക്കുന്നു, നോക്കി ചിരിക്കുന്നു ഇത്രമാത്രമേ എഴുതിയിട്ടുള്ളൂ. പക്ഷേ ശബരീഷ് അതില്‍ നല്ല ഇന്‍പുട്ട് ഇട്ടു. അവനെ ഇതുവരെ ആരും അങ്ങനെ കണ്ടിട്ടില്ലല്ലോ അതിന്റെ ഒരു ബ്യൂട്ടി കൂടിയുണ്ട് അതില്‍, നിലീന്‍ പറഞ്ഞു.

തങ്ങളെ പറ്റിച്ച് പണം തട്ടിയെടുത്തവന്റെ കയ്യില്‍ നിന്നും നഷ്ടപെട്ട പണം തിരികെ വാങ്ങിക്കാനായി ഇറങ്ങി തിരിച്ച, വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നെത്തിയ അഞ്ച് സാധാരണക്കാരുടെ കഥയാണ് സാമര്‍ത്ഥ്യ ശാസ്ത്രം. ശബരീഷ്, കൃഷ്ണ ചന്ദ്രന്‍, നിലീന്‍ സാന്‍ഡ്ര, കിരണ്‍, ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യൂസ്, റീനു സണ്ണി, ദേവി വര്‍മ തുടങ്ങിയവരാണ് സീരീസില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Nileen sandra about Krishnachandran Character on Samarthya Shastram