| Thursday, 29th December 2022, 4:19 pm

ആവാസവ്യൂഹത്തിലെ ആ സീന്‍ ചെയ്തത് സ്‌ക്രിപ്റ്റ് ഇല്ലാതെ; കയ്യില്‍ നിന്നെടുത്ത് ചെയ്യാനായിരുന്നു പറഞ്ഞത്: നിലീന്‍ സാന്‍ഡ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാന്റസിയും, പ്രകൃതിയും രാഷ്ട്രീയവും, നര്‍മവും ആക്ഷേപഹാസ്യവും എല്ലാം ഉള്‍ക്കൊള്ളിച്ച് കൃഷാന്ത് ആര്‍.കെ ഒരുക്കിയ ചിത്രമാണ് ആവാസവ്യൂഹം. മികച്ച തിരക്കഥയ്ക്കും മികച്ച ചിത്രത്തിനുമുള്ള ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ചിത്രം സ്വന്തമാക്കിയിരുന്നു.

രാഹുല്‍ രാജഗോപാല്‍, ശ്രീനാഥ് ബാബു, ശ്രീജിത്ത് ബാബു, ഷിന്‍സ് ഷാന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നടി നിലീന്‍ സാന്‍ഡ്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ആവാസവ്യൂഹത്തില്‍ അഭിനയിച്ചതിനെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിലീന്‍ സാന്‍ഡ്ര. ആവാസ വ്യൂഹത്തിലെ ഒരു ഇന്റര്‍വ്യൂ രംഗം താന്‍ ചെയ്തത് സ്‌ക്രിപ്റ്റ് ഇല്ലാതെയാണെന്നും സ്‌ക്രിപ്റ്റിന് വേണ്ടി സംവിധായകന്റെ പിറകെ നടന്നെങ്കിലും കയ്യില്‍ നിന്നെടുത്ത് ചെയ്യാനാണ് അദ്ദേഹം പറഞ്ഞതെന്നുമായിരുന്നു നിലീന്‍ സാന്‍ഡ്രയുടെ മറുപടി.

‘ആവാസവ്യൂഹത്തിലെ ഇന്റര്‍വ്യൂ സീന്‍ സ്‌ക്രിപ്റ്റില്ലാതെയാണ് ചെയ്തത്. ആ സീന്‍ ചെയ്യാന്‍ വേണ്ടി സംവിധായകന്റെ പിറകെ സ്‌ക്രിപ്റ്റ് ചോദിച്ച് നടന്നിട്ടും അദ്ദേഹം തന്നില്ല. നേരിട്ട് കണ്ടന്റ് പറഞ്ഞ് തന്ന് തന്റേതായ രീതിയില്‍ ചെയ്‌തോളാനാണ് പറഞ്ഞത്,’ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നിലീന്‍ പറഞ്ഞു.

‘ഞാന്‍ ഇങ്ങനെ സ്‌ക്രിപ്റ്റ് ചോദിച്ച് പിറകെ നടക്കുവാണ്. ഇന്റര്‍വ്യൂ കൊടുക്കുന്ന രീതിയിലുള്ള സീനിന് സ്‌ക്രിപ്റ്റ് തരില്ലയെന്ന് പറഞ്ഞു. പിന്നെ അവിടെ പോയിരുന്നിട്ട് പുള്ളി കണ്ടന്റ് അങ്ങ് പറഞ്ഞു. ഇതാണ് പറയേണ്ടത്, ഇതാണ് കണ്ടന്റ്, ഇത് താന്‍ തന്റേതായ രീതിയില്‍ പറഞ്ഞോളൂ എന്നാണ് പറഞ്ഞത്.

എന്റെ ഒരു സുഹൃത്തുണ്ട്. അവള്‍ വൈപ്പിന്‍കാരിയാണ്. അപ്പോള്‍ ഞാന്‍ കണ്ണൊക്കെ അടച്ചിരുന്നിട്ട് ഇവളിതെങ്ങനെ പറയും എന്നാലോചിച്ചു. പുള്ളിക്കാരിയുടെ ഒരു സ്ലാങ്ങില്‍ ഇതെങ്ങനെ പറയുമെന്നാലോചിച്ചിട്ട് അങ്ങ് തട്ടിവിട്ടതാണ്. അരൂര്‍ കൊച്ചിയോട് അടുത്തായത് കൊണ്ട് കുറച്ചു കൂടി എളുപ്പമാണ്. ബാക്കി സ്ലാങ്ങ്‌സ് പഠിക്കുന്നതിനേക്കാളും കൊച്ചി സ്ലാങ്ങ് സ്ഥിരം കേള്‍ക്കുന്നത് കൊണ്ടുള്ള എളുപ്പമുണ്ട്.’നിലീന്‍ പറഞ്ഞു

സര്‍ ത്രെഡ് എഴുതുന്ന സമയത്തേ സിനിമയുടെ കഥ എനിക്കറിയാമായിരുന്നു, അപ്പോഴേ ഇത് ഐ.എഫ്.എഫ്.കെയില്‍ വരുമെന്ന് തോന്നിയിരുന്നു. കാരണം ഇതിന്റെ മുന്‍പത്തെ മൂവി ഐ.എഫ്.എഫ്.കെയില്‍ വന്നതാണ്. പക്ഷേ സ്റ്റേറ്റ് അവാര്‍ഡ് ഒന്നും നമ്മളാരും വിചാരിച്ചിട്ടു പോലുമുണ്ടായിരുന്നില്ല, നിലീന്‍ സാന്‍ഡ്ര പറഞ്ഞു.

ഡോക്യൂമെന്ററി, ഡോക്യൂഫിക്ഷന്‍, അഭിമുഖം, ത്രില്ലര്‍,ഹാസ്യം എന്നിവ ഇഴ കലര്‍ത്തി ഒരു മോക്യൂമെന്ററി രീതിയിലാണ് ആവാസവ്യൂഹം ഒരുക്കിയിരിക്കുന്നത്.

പ്രകൃതിയുടെ മോഹിപ്പിക്കുന്ന കാഴ്ചകളോടൊപ്പം രാത്രിയും, പച്ചപ്പും, വന്യതയും ആര്‍ത്തിയും ചെറുത്തുനില്‍പ്പുകളെല്ലാം ഓരോരോ അധ്യായങ്ങളായി പ്രേക്ഷകന് മുന്നിലെത്തിക്കാന്‍ സംവിധായകന് സാധിച്ചിരുന്നു.

Content Highlight: Nileen Sandra about Aavasavyuham Movie

We use cookies to give you the best possible experience. Learn more