കോഴിക്കോട്: നിലവിളക്ക് വിഷയത്തില്‍ മുസ്‌ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിനെതിരെ എം.കെ മുനീര്‍. നിലവിളക്ക് കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും ഒരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും ലീഗ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും എം.കെ മുനീര്‍ പ്രതികരിച്ചു. പാര്‍ട്ടി നിലപാട് നിലവിളക്ക് കത്തിക്കേണ്ടതില്ലെന്നാണെന്നും ഇതില്‍ മാറ്റം വരുത്തില്ലെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടത്.
ലീഗ് ജനപ്രതിനിധികളില്‍ നിലവിളക്ക് കൊളുത്തുന്നവും അല്ലാത്തവരുമുണ്ട് എന്ന നിയമസഭയില്‍ കെ.എം ഷാജിനടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഇ.ടി. കെ.എം ഷാജിയുടെ നിലപാടിനോട് യോജിക്കുന്ന നിലപാട് തന്നെയായിരുന്നു കെ.എന്‍.എ ഖാദര്‍ എം.എല്‍.എയും പ്രകടിപ്പിച്ചത്. ഇതിനെതിരെയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഇന്ന് രംഗത്തുവന്നത്.
നിലവിളക്ക് വിവാദത്തില്‍ ലീഗിനകത്തു തന്നെ രണ്ട് പക്ഷമുണ്ടെന്ന് വ്യക്തമാവുന്നതാണ് ലീഗ് നേതാക്കളുടെ പ്രസ്താവനകള്‍. ഇതോടെ നിലവിളക്ക് കൊളുത്തുന്നതിനേ ചൊല്ലി മുസ്ലീം ലീഗില്‍ വീണ്ടും വിവാദം തലപൊക്കുകയാണ്.