| Thursday, 29th September 2022, 6:24 pm

സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങളുമായി സാറ്റര്‍ഡേ നൈറ്റിലെ ആദ്യഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി നായകനാവുന്ന സാറ്റര്‍ഡേ നൈറ്റിലെ ആദ്യഗാനം പുറത്ത്. നിലാത്തുമ്പി നീ എന്ന ഗാനം സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വന്നത്. സൗഹൃദത്തിന് പ്രാധാന്യം നല്‍കിയെടുത്തിരിക്കുന്ന ചിത്രത്തിലെ ചില സൗഹൃദനിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.

നിവിന്‍ പോളി, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ഗാനരംഗങ്ങളിലെത്തിയിരിക്കുന്നത്. വിജയ് യേശുദാസാണ് പാട്ട് പാടിയിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് ജേക്ക്‌സ് ബിജോയാണ് ഈണം നല്‍കിയിരിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യത്തെ ഹ്യൂമര്‍ ജേണറിലുള്ള ചിത്രം കൂടിയാണ് സാറ്റര്‍ഡേ നൈറ്റ്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, അന്തരിച്ച നടന്‍ പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവീന്‍ ഭാസ്‌കറാണ് സാറ്റര്‍ഡേ നൈറ്റിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അസ്ലം പുരയില്‍ ആണ്. ബെംഗളൂരു, മൈസൂര്‍, ബെല്ലാരി, ചിത്രദുര്‍ഗ തുടങ്ങി കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

Content Highlight: nilathumbi nee song from saturday night

We use cookies to give you the best possible experience. Learn more