കൊല്ലം: നിലമേല്‍ എം.എം.എച്ച്.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റതായി പരാതി.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൈതോട് ചരുവിള വീട്ടില്‍ വിശ്വംഭരന്റെ മകന്‍ വിപിന്‍ (16) നാണ് മര്‍ദ്ദനമേറ്റത്.
പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ചേര്‍ന്നാണ് വിപിനെ മര്‍ദ്ദിച്ചത്. വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിലായിരുന്നു സംഭവം. വിപിനെ തടഞ്ഞു നിര്‍ത്തിയ സംഘം റാഗ് ചെയ്യുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.
പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവര്‍ കൂട്ടം ചേര്‍ന്ന് വിപിനെ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയുമായിരുന്നു. ഇത് തടയാനായി വന്ന വിപിന്റെ സുഹൃത്തുക്കളായ സഹപാഠികളെ മര്‍ദ്ദിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
മര്‍ദ്ദനമേറ്റ് അവശനായ വിപിനെയും സുഹൃത്തുക്കളെയും കടയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തവര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് മര്‍ദ്ദനത്തിന് ഇരയായവര്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ വിപിന്റെ പിതാവ് ചടയമംഗലം എസ്.ഐക്കും കടയ്ക്കല്‍ സി.ഐക്കും പരാതി നല്‍കിയിട്ടുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും കേസില്‍ ഉടന്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ചടയമംഗലം പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.