മലപ്പുറം: ഡി.സി.സി പ്രസിഡന്റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി. വി പ്രകാശ് അന്തരിച്ചു. 56 വയസ്സായിരുന്നു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അന്ത്യം. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര പഞ്ചായത്ത് അംഗം, ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
കോഴിക്കോട് ഗവ. ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്ദര ബിരുദവും കരസ്ഥമാക്കി.
എടക്കര പരേതനായ കുന്നുമ്മല്‍ കൃഷ്ണന്‍ നായരുടെയും സരോജിനിയമ്മയുടെയും മകനാണ് പ്രകാശ്.
വി. വി പ്രകാശിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി.
സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ചെന്നിത്തല ഫേസ്ബുക്കിലെഴുതി.
‘നിലമ്പൂരില്‍ യു.ഡി.എഫിന് വന്‍ വിജയം ഉണ്ടാകുമെന്ന വിശ്വാസം കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പ്രകാശ് പറഞ്ഞിരുന്നു . ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ വിട പറയേണ്ടി വന്നു എന്നത് വളരെ ദു:ഖകരമാണ്. കെ.എസ്.യു കാലം മുതല്‍ക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഭാരവാഹി ആയപ്പോഴും ഞങ്ങള്‍ക്കിടയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു,’ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Nilambur UDF candidate V V Prakash passes away