മലപ്പുറം: നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍, എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരനുമായിരുന്നു ഒന്നാം പ്രതിയായ ബിജു.
നേരത്തെ പ്രതികളെ ജീവപര്യന്തത്തിന് വിധിച്ച് മഞ്ചേരി കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി അംഗീകരിച്ചുകൊണ്ടാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വിധിയില്‍ പറയുന്നത്.
2014ല്‍ ആണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരി രാധ കൊല്ലപ്പെട്ടത്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കല്‍ വീട്ടില്‍ രാധ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്.
രാവിലെ ഒമ്പത് മണിയോടെ അടിച്ചുവാരാന്‍ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ടാം പ്രതി ഷംസുദ്ദീന്റെ ഓട്ടോയില്‍ കൊണ്ടുപോയി ചപ്പ് ചവറുകളുടെ കൂടെ കുളത്തിലെറിയുകയായിരുന്നു.
2014 ഫെബ്രുവരി അഞ്ചിന് കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് കുളത്തില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക