'ഹൃദയത്തില്‍ അഹങ്കാരത്തിന്റെ ഒരു തരിയെങ്കിലും ഉള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'; ഷാജിയെ 'ഹദീസ്' ഉദ്ദരിച്ച് ട്രോളി അന്‍വര്‍
Kerala News
'ഹൃദയത്തില്‍ അഹങ്കാരത്തിന്റെ ഒരു തരിയെങ്കിലും ഉള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'; ഷാജിയെ 'ഹദീസ്' ഉദ്ദരിച്ച് ട്രോളി അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th December 2021, 4:56 pm

നിലമ്പൂര്‍: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ ട്രോള്‍ പോസ്റ്റുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. പിണറായി വിജയന്‍ ഒരു പഞ്ചായത്ത് മെമ്പറെങ്കിലുമാണോ എന്ന ഷാജിയുടൈ പഴയ പ്രസ്താവനയെയാണ് അന്‍വര്‍ കളിയാക്കുന്നത്.

ഹൃദയത്തില്‍ അഹങ്കാരത്തിന്റെ ഒരു തരിയെങ്കിലുമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നാണ് പഴയ പ്രസ്താവനക്ക് ഹദീസ്(പ്രവാചക വചനം) ഉദ്ദരിച്ച് അന്‍വര്‍ മറുപടി പറയുന്നത്.

‘ലീഗുകാരോടാണ്. പ്രസിദ്ധമായ ഒരു ഹദീസുണ്ട്. ഹൃദയത്തില്‍ അഹങ്കാരത്തിന്റെ ഒരു തരിയെങ്കിലും ഉള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. വിശുദ്ധ ഖുറാന്‍ ഇങ്ങനെയും പറഞ്ഞുവച്ചിട്ടുണ്ട്. അവന്‍ അഹങ്കാരിയായി പറഞ്ഞു: ഞാന്‍ അവനെക്കാള്‍ മികച്ചവനാണ്, അവന്‍ അവിശ്വസ്തനായി. ഖുറാനും ദീനുമൊക്കെ പരമമായ സത്യമാണ്. സംശയമുണ്ടെങ്കില്‍ ഷായി സായിവിനോട് ചോദിച്ചാല്‍ മതി,’ അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വഖഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കളെ നേരത്തെ അന്‍വര്‍ നിരന്തരം പരിഹസിച്ചിരുന്നു. പിന്നാലെയാണ് ഷാജിയെയും ട്രോളി രംഗത്തുവന്നിരിക്കുന്നത്.

വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറ്റെടുത്തും പി.വി. അന്‍വര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

‘മുസ്‌ലിം ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു. ലീഗിന് എന്താണോ ചെയ്യാനുള്ളത് അത് ചെയ്തു കാണിക്ക്, ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. അതായത് ലീഗുകാരേ, പോയി പണി നോക്ക് എന്നാ പറഞ്ഞത്,’ എന്നായിരുന്നു അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

മുസ്‌ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ എന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചിരുന്നു. മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന് ലീഗ് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Nilambur MLA PV Anwar with troll post against Muslim League leader K.M. Shaji