നിലമ്പൂർ: ഇനി പരസ്യമായ പ്രസ്താവനക്കില്ലെന്ന് നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും പി.വി. അൻവർ പറഞ്ഞു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പി.വി. അൻവറിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് നീക്കം.
അന്‍വറിന്റെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും അന്‍വര്‍ നിലപാട് തിരുത്തണമെന്നുമാണ് സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ സി.പി.ഐ.എം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അന്‍വര്‍ നിരന്തരം മാധ്യമങ്ങളെ കാണുന്നതില്‍ പാര്‍ട്ടിക്ക് വിയോജിപ്പുണ്ടെന്നും കുറിപ്പില്‍ സെക്രട്ടറിയേറ്റ് പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് ഇനി ഇനി പരസ്യമായ പ്രസ്താവനക്കില്ലെന്ന് അറിയിച്ച് പി.വി. അന്‍വര്‍ പ്രതികരിച്ചിരിക്കുന്നത്. പൊലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് താന്‍ ശബ്ദമുയര്‍ത്തിയതെന്നാണ് അന്‍വര്‍ പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിവാദ പൊലീസ് ഉദ്യോഗസ്ഥന്റെ ആര്‍.എസ്.എസ് സന്ദര്‍ശനത്തില്‍ തുടങ്ങി, തൃശൂര്‍പൂരം മുതല്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്‌സിനെ സഹായിച്ചത് വരെയും, സ്വര്‍ണക്കടത്ത് അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് താന്‍ ഉയര്‍ത്തിയത്.
ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറെ വിഷമത്തോടെയാണ് താന്‍ ഇക്കാര്യങ്ങളില്‍ ഇടപെടല്‍ നടത്തിയിരുന്നത്. എന്നാല്‍ അക്കാര്യത്തില്‍ ലവലേശം കുറ്റബോധമില്ല, പിന്നോട്ടുമില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
‘വിഷയങ്ങള്‍ സംബന്ധിച്ച് വിശദമായി എഴുതി നല്‍കിയാല്‍ അവ പരിശോധിക്കും എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചിരുന്നു. വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ സമയബന്ധിതമായി വേണ്ട പരിശോധനകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ‘ഇന്നും’ വ്യക്തമാക്കിയിട്ടുണ്ട്,’ എന്നും പി.വി. അന്‍വര്‍ കുറിച്ചു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അന്‍വര്‍ അറിയിച്ചു.
മുന്‍ വിധികള്‍ക്ക് അതീതമായി താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നീതിപൂര്‍വമായ പരിശോധനയും നടപടിയും പാര്‍ട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി.
ഇടതുപാളയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പാര്‍ട്ടി നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും പി.വി. അന്‍വര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു ഇടതുപക്ഷ എം.എല്‍.എ എന്ന ബോധം വേണമെന്നും ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വറിന്റേത് ഇടതുപക്ഷ വഴിയല്ലെന്നും പി. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
Content Highlight: Nilambur MLA PV Anvar said that there is no more public statement