| Saturday, 21st January 2023, 11:12 pm

പരമാവധി ക്ഷമിച്ചു, തിരിച്ച് പ്രതിരോധിച്ചാല്‍ താങ്ങാന്‍ പറ്റില്ല; മാധ്യമങ്ങളെ വെല്ലുവിളിച്ച് പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: മധ്യമങ്ങള്‍ക്കെതിരെ വെല്ലുവിളിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. മാധ്യമപ്രവര്‍ത്തന മേഖലയില്‍ നവീകരണമല്ല ആവശ്യമെന്നും നല്ല ചാണകവെള്ളം തളിച്ചുള്ള ശുദ്ധീകരണമാണെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

പരമാവധി ക്ഷമിച്ചാണിപ്പോള്‍ മുന്നോട്ടുപോകുന്നതെന്നവും തിരിച്ച് പ്രതിരോധിച്ച് തുടങ്ങിയാല്‍ കിട്ടുന്ന അടിക്കൊക്കെ നല്ല പവറായിരിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

‘മാധ്യമപ്രവര്‍ത്തന മേഖലയില്‍ നവീകരണമല്ല ആവശ്യം, നല്ല ചാണകവെള്ളം തളിച്ചുള്ള ശുദ്ധീകരണമാണ്.
പരമാവധി ക്ഷമിച്ച്, അടി വാങ്ങി നില്‍ക്കുന്നവന്‍ തിരിച്ച് പ്രതിരോധിച്ച് തുടങ്ങിയാല്‍ കിട്ടുന്ന അടിക്കൊക്കെ നല്ല പവറായിരിക്കും.

താങ്ങാന്‍ പറ്റില്ല നിനക്കൊന്നും. ഇത്രയും നാള്‍ നിങ്ങളുടെ ടേണായിരുന്നു. ഇപ്പോള്‍ ഞങ്ങളുടേതാണ്. ഒരിളവും, ഒരു അനുകമ്പയും പ്രതീക്ഷിക്കേണ്ട. തരില്ല.!
പി.വി. അന്‍വറിനെതിരെ പരമ്പര പ്ലാന്‍ ചെയ്ത്, അതിന്റെ പ്രതിഫലമായി കാര്‍ വാങ്ങിയവന്മാര്‍ വരെ ഇവിടുണ്ട്.

ആദ്യം അഴിച്ച് വിടാന്‍ പോകുന്നത് ആ വണ്ടീടെ ടയറിന്റെ കാറ്റാണ്. പൊതുസമൂഹത്തിന്റെ മുന്നില്‍ നിന്റെ ഒക്കെ മാധ്യമധര്‍മ്മത്തിന്റെ പൊയ്മുഖം വലിച്ച് കീറും. ‘കള്ളിയങ്കാട്ട് നീലി’ നാടകം പൊളിച്ച് കയ്യില്‍ തരും.!
ഓര്‍ക്കാപ്പുറത്ത് അടിക്കാതെ, പറഞ്ഞിട്ട് അടിക്കുന്നതാണ് രസം. അതാണ് എന്റെ
ഒരു സ്‌റ്റൈല്‍? അപ്പോ എപ്പടി മെയിന്‍ മാപ്രേ..ആരംഭിക്കലാമാ,’ എന്നാണ് പി.വി. അന്‍വര്‍ എഴുതിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്ക് എം.എല്‍.എയെ വിളിച്ചു വരുത്തിയിരുന്നു. പിന്നാലെ മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇ.ഡി അന്‍വറിനെ വിളിച്ചുവരുത്തിയിട്ടുള്ളതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

അതിന് ശേഷം അന്‍വറിന്റെ ഔദ്യഗിക ഫേസ്ബുക്ക് പേജില്‍ മാധ്യമങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വിമര്‍ശന, പരിഹാസ രൂപേണയുള്ള നിരന്തര പോസ്റ്റുകളാണ് വരുന്നത്.

Content Highlight: Nilambur MLA P.V.Anvar challenged Medias

We use cookies to give you the best possible experience. Learn more