| Friday, 25th November 2016, 6:35 pm

നിലമ്പൂര്‍ വനത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. 


നിലമ്പൂര്‍: നിലമ്പൂര്‍ വനത്തിനുള്ളില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

നിലമ്പൂര്‍ എടക്കരയ്ക്കു സമീപം നിര്‍മ്മിച്ച ഷെഡുകള്‍ക്ക് വലതുവശത്തായിട്ടാണ് ഇരുവരുടെയും മൃതദേഹം കിടക്കുന്നത്. കമഴ്ന്നു കിടക്കുന്ന രീതിയിലാണ്  ദേവരാജിന്റെ മൃതദേഹം. അജിതയുടേത് മലര്‍ന്ന് കിടക്കുന്ന രീതിയിലും. ഇരുവരും മാവോയിസ്റ്റ് യൂണിഫോമാണ് ധരിച്ചിരിക്കുന്നതും.


ഇരുവരുടെയും മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍  തുടങ്ങി. കൊല്ലപ്പെട്ടത് കുപ്പുസ്വാമിയും കാവേരിയുമാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥിരീകരിച്ചതായാണ് ലഭ്യമാകുന്ന വിവരം.

പ്രദേശത്ത് ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മ്മിച്ച നാലുഷെഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. മെബൈല്‍ ഫോണുകള്‍, പുസ്തകങ്ങള്‍, ലഘുലേഖകള്‍, തിരകള്‍, തോക്കുകള്‍, മാപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ പ്രാഥമിക പരിശോധയില്‍ ഇവിടെ നിന്നും കണ്ടെത്തിയതായി പൊലീസ് പറയുന്നു. സ്ഥലം കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ സ്ഥിരം താവളം ഒരുക്കാനുള്ള ശ്രമത്തിലാണെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ഷെഡുകളെന്ന് പൊലീസ് പറഞ്ഞു.


ഇന്നലെ നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരാള്‍ കസ്റ്റഡിയിലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പടുക്ക വനമേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

We use cookies to give you the best possible experience. Learn more