| Friday, 24th March 2017, 1:33 pm

കുപ്പുദേവരാജിന്റെ അനുയായികള്‍ മുസ്‌ലീങ്ങള്‍; പൊതുദര്‍ശനാനുമതി നിഷേധിച്ചത് ഹിന്ദു-മുസ്‌ലീം കലാപം ഒഴിവാക്കാന്‍ ; മനുഷ്യാവകാശ കമ്മീഷന് പൊലീസിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പുദേവരാജിന്റെ മൃതദേഹത്തിന് പൊതുദര്‍ശനാനുമതി നിഷേധിച്ചതെന്ന് പൊലീസ്. 13-02-2017 ന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ മറുപടിയിലാണ് പൊലീസിന്റെ വിശദീകരണം.

കുപ്പുദേവരാജിന്റെ അനുയായികളെല്ലാം മുസ്‌ലീം വിഭാഗക്കാരാണ്. അവരെ എതിര്‍ക്കുന്നവര്‍ ഹിന്ദുക്കളും അതുകൊണ്ട് തന്നെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചാല്‍ അത് വലിയ വര്‍ഗീയകലാപമായി മാറുമെന്നും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ മറുപടിയില്‍ പൊലീസ് പറയുന്നു.

കുപ്പുദേവരാജിന്റെ സംസ്‌ക്കാര ചടങ്ങ് കോഴിക്കോട് പൊതുശ്മശാനത്തില്‍ നടന്നുകൊണ്ടിരിക്കെ കുപ്പുദേവരാജിന്റെ സഹോദരന്‍ ശ്രീധറിന്റെ കോളറില്‍ പിടിച്ച് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം.പി പ്രേമദാസ് അപമാനിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മനുഷ്യാവകാശകമ്മീഷന്‍ വിശദീകരണമാവശ്യപ്പെട്ടത്. ഇതിന് നല്‍കിയ മറുപടിയിലായിരുന്നു പൊലീസിന്റെ ഈ വിശദീകരണം.

കുപ്പുദേവരാജിന്റെ സംസ്‌ക്കാരചടങ്ങുകള്‍ യാതൊരു പ്രശ്‌നവും കൂടാതെ നടത്തേണ്ട ബാധ്യത പൊലീസിനുണ്ടായിരുന്നെന്നും എന്നാല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചാല്‍ അത് വലിയൊരു വര്‍ഗീയ കലാപത്തിന് വഴിവെക്കുമായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

പൊലീസിനിന്റെ വിശദീകരണം ഇങ്ങനെ.

ചില ഇടത് സംഘടനകളും അവര്‍ക്ക് പിന്തുണ നല്‍കുന്നവരായ എസ്.ഡി.പി.ഐ വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍.എം.പി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കുപ്പുദേവരാജിന്റെ മൃതദേഹം പൊറ്റമ്മലും മുതലക്കുളം മൈതാനത്തും പൊതുദര്‍ശനത്തിന് വെക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

എന്നാല്‍ ബി.ജെ.പിയും മറ്റ് രാഷ്ട്രീയപാര്‍ട്ടികളും ഹിന്ദു സംഘടനകളും പൊതുദര്‍ശനം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചാല്‍ തടയുമെന്ന് മുതലക്കുള്ള ക്ഷേത്ര കമ്മിറ്റിയും നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കുപ്പുദേവരാജിനെ പിന്തുണക്കുന്നവരും അവരുടെ എതിരാളികളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായാല്‍ അത് ഒരു വര്‍ഗീയ കലാപത്തിന് വഴിവെക്കുമായിരുന്നു.

കുപ്പുദേവരാജിന്റെ അനുയായികളെല്ലാം മുസ്‌ലീം വിഭാഗക്കാരാണ്. അവരെ എതിര്‍ക്കുന്നവര്‍ ഹിന്ദുക്കളും അതുകൊണ്ട് തന്നെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചാല്‍ അത് വലിയ വര്‍ഗീയകലാപമായി മാറും- പൊലീസ് പറയുന്നു.

കുപ്പുദേവരാജിന്റെ സംസ്‌ക്കാരചടങ്ങുകള്‍ യാതൊരു പ്രശ്‌നവും കൂടാതെ നടത്തേണ്ട ബാധ്യത പൊലീസിനുണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായി കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് ഇ.പി പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അതിന് ശേഷം സംസ്‌ക്കാര ചടങ്ങ് നടന്ന മാവൂര്‍ റോഡ് ശ്മശാനത്തിലും നിലയുറപ്പിച്ചിരുന്നെന്നും പറയുന്നു.

സംസ്‌ക്കാരചടങ്ങുകള്‍ സമാധാനപരമായി നടത്തുക എന്ന ഉത്തരവാദിത്തം മാത്രമാണ് പൊലീസ് നടപ്പിലാക്കിയതെന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്.

അതേസമയം പൊലീസ് പറയുന്നത് പകുതി കള്ളവും പകുതി സത്യവുമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ സി.ടി മുനീര്‍ പറയുന്നു. 21-3-2017 ന് മാത്രമാണ് പൊലീസിന്റെ വിശദീകരണം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഡി.പി.ഐ ആര്‍.എം.പി.ഐ തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടികളുടെ മേല്‍ ഇതിന്റെ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കാനുള്ള പൊലീസിന്റെ ശ്രമം തെറ്റാണ്. അവരെല്ലാം മാവോയിസ്റ്റ് അനുകൂലികളാണ് എന്ന കാര്യമാണ് പൊലീസ് പറയാതെ പറയുന്നത്. ഹിന്ദു-മുസ്ലീം വിഷയത്തെ ഇതിലേക്ക് വലിച്ചിഴച്ച് ഇതിനെ വര്‍ഗീയ വത്ക്കകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുദര്‍ശനത്തെ എതിര്‍ത്തു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ബി.ജെ.പിയല്ലാതെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയെന്നല്ല പൊതുജനം പോലും പൊതുദര്‍ശനത്തിന് എതിരുനിന്നിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസ് ഇവിടെ സ്വീകരിച്ച സമീപനം തെറ്റായിരുന്നു. പ്രേംദാസാണ് മനപൂര്‍വം പ്രശ്‌നം ഉണ്ടാക്കിയതെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം സി.ടി മുനീര്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more