| Sunday, 27th November 2016, 10:04 am

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശരീരത്തില്‍ 26 മുറിവുകള്‍: അജിതയ്ക്ക് നേരെ നിറയൊഴിച്ചത് 19 തവണ : പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ ശരീരത്തില്‍ വെടിയേറ്റ ഏഴ് മുറിവുകളുണ്ട്. നാലു വെടിയുണ്ടകള്‍ ദേഹത്ത് തറച്ചിരുന്നു. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തു പോയി.


നിലമ്പൂര്‍: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ 26 മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങളില്‍ നിന്ന് പന്ത്രണ്ട് വെടിയുണ്ടകള്‍ പുറത്തെടുത്തു.

മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ ശരീരത്തില്‍ വെടിയേറ്റ ഏഴ് മുറിവുകളുണ്ട്. നാലു വെടിയുണ്ടകള്‍ ദേഹത്ത് തറച്ചിരുന്നു. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തു പോയി.

അതേസമയം ഏറ്റവും കൂടുതല്‍ വെടിയേറ്റത് അജിതയ്ക്കാണ്. പത്തൊന്‍പത് തവണയാണ് ഇവര്‍ക്ക് നേരെ നിറയൊഴിച്ചത്. ശരീരത്തില്‍ നിന്ന് കിട്ടിയത് അഞ്ചു തിരകളും. 14 തിരകള്‍ ദേഹം തുളച്ച് പുറത്തു പോയി. പല അകലങ്ങളില്‍ നിന്ന് പൊലീസ് വെടിവച്ചതാണെന്ന നിഗമനത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്തിമമായി തയാറാക്കും മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രത്യേകയോഗം ചേരും.

വെടിയേറ്റതെല്ലാം ശരീരത്തിന്റെ മുന്‍ഭാഗത്താണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് ബാലിസ്റ്റിക് വിദഗ്ധരും മൃതദേഹങ്ങള്‍ പരിശോധിച്ചിരുന്നു. മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള അകലം മുപ്പതു മീറ്ററെങ്കിലും ഉണ്ടായിരുന്നിരിക്കണമെന്നാണ് അവരുടെ നിഗമനം.

മാവോയിസ്റ്റ് നേതാക്കളെ കണ്ട ഉടനെ പൊലീസ് വെടിവച്ചിരിക്കാമെന്നാണ് മുറിവുകള്‍ വിലയിരുത്തിയവരുടെ നിഗമനം. മര്‍ദനത്തിന്റേയോ മല്‍പിടുത്തത്തിന്റേയോ ലക്ഷണങ്ങളില്ല. അതേസമയം ഏകപക്ഷീയമായിരുന്നു ആക്രമണമെന്നും തുടരെയുള്ള വെടിവെപ്പാണ് നടന്നതെന്നുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തരുടെ വാദത്തെ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിലാണ് അന്വേഷണം.


2014ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശപ്രകാരമാണു നടപടി. നിലമ്പൂരില്‍ എടക്കരയ്ക്കു സമീപം കരുളായി വനത്തില്‍ പൊലീസും മാവോയിസ്റ്റ് സംഘവുമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്.

തമിഴ്‌നാട് സ്വദേശിയും സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവുമായ കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതാദ്യമായാണ് സംസ്ഥാനത്തു പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more