| Friday, 2nd December 2016, 11:38 am

നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ പോലീസിനെ അവിശ്വസിക്കേണ്ട കാര്യമില്ല: എതിരഭിപ്രായക്കാരെ വെടിവച്ചുവീഴ്ത്തി ആശയങ്ങള്‍ അമര്‍ച്ച ചെയ്യാമെന്ന മൌഢ്യം സി.പി.ഐ.എമ്മിന് ഇല്ലെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എതിരഭിപ്രായക്കാരെ  വെടിവച്ചുവീഴ്ത്തി ആശയങ്ങള്‍ അമര്‍ച്ച ചെയ്യാനാകുമെന്ന മൌഢ്യം സി.പി.ഐ.എമ്മിന് ഇല്ല. പൊലീസ് കസ്റ്റഡിയിലുള്ള ആളെയോ ആളുകളെയോ വെടിവച്ചുകൊന്നിട്ട് വ്യാജ ഏറ്റുമുട്ടല്‍ എന്ന ചിത്രീകരണം നടത്തുന്ന പൊലീസ് ഭീതി ഇവിടെ സംഭവിച്ചിട്ടില്ലെന്ന് സംഭവങ്ങളെ നിഷ്പക്ഷതയോടെ സമീപിക്കുന്ന ആര്‍ക്കും ബോധ്യമാകും


തിരുവനന്തപുരം: നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ പോലീസിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മാവോവാദികളുടെ പ്രവര്‍ത്തനം അറിഞ്ഞ് വനപ്രദേശത്ത് എത്തി പട്രോള്‍ നടത്തുകയായിരുന്ന പൊലീസിനുനേരെ വെടിവയ്പുണ്ടാവുകയായെന്നാണ് അറിയുന്നത്. തുടര്‍ന്ന് വെടിവച്ച സ്ഥലത്തേക്ക്  പൊലീസ് തിരിച്ച് വെടിവച്ചപ്പോള്‍ ചിലര്‍ ഓടിരക്ഷപ്പെടുകയും രണ്ടാള്‍ മരിക്കുകയും ചെയ്തതായുള്ള പോലീസിന്റെ റിപ്പോര്‍ട്ടുകള്‍ അവിശ്വസിക്കേണ്ടതായിട്ടില്ലെന്നും കോടിയേരി പറയുന്നു.

നിലമ്പൂരില്‍ സംഭവിച്ചത് മുന്നണി എന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആഗ്രഹിച്ച കാര്യമല്ലെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ മാവോവാദികളെ മനസിലാക്കുക എന്ന ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.

രണ്ടു മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടതിനെപ്പറ്റി രണ്ടഭിപ്രായം വന്നിട്ടുണ്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരണമുണ്ടായി എന്നു ഡിജിപി വിശദീകരിക്കുന്നു. എന്നാല്‍, ഏകപക്ഷീയമായി പൊലീസ് ആക്രമിക്കുകയായിരുന്നുവെന്ന് ചില രാഷ്ട്രീയനേതാക്കളും രാഷ്ട്രീയപക്ഷമുള്ള മനുഷ്യാവകാശസംഘടനാ നേതാക്കളും അഭിപ്രായപ്പെടുന്നു.

സംഭവാനന്തരം മാധ്യമങ്ങളെ ഫോണ്‍ ചെയ്ത് അറിയിച്ച മാവോവാദിതന്നെ, പൊലീസിനുനേരെ മൂന്നുതവണ താനും വെടിവച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ പൊലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്ന വസ്തുതയ്ക്ക് ബലം ലഭിക്കുന്നെന്നും കോടിയേരി പറയുന്നു.

മാവോവാദികളെ ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ സായുധസേനയെക്കൊണ്ട് ഏകപക്ഷീയമായി വേട്ടയാടി ഉന്മൂലനം ചെയ്യുന്നതുപോലെയുള്ള ഒരു രാഷ്ട്രീയസമീപനം എല്‍.ഡി.എഫിനോ എല്‍.ഡി.എഫ് സര്‍ക്കാരിനോ ഇല്ല.


എതിരഭിപ്രായക്കാരെ  വെടിവച്ചുവീഴ്ത്തി ആശയങ്ങള്‍ അമര്‍ച്ച ചെയ്യാനാകുമെന്ന മൌഢ്യം സി.പി.ഐ.എമ്മിന് ഇല്ല. പൊലീസ് കസ്റ്റഡിയിലുള്ള ആളെയോ ആളുകളെയോ വെടിവച്ചുകൊന്നിട്ട് വ്യാജ ഏറ്റുമുട്ടല്‍ എന്ന ചിത്രീകരണം നടത്തുന്ന പൊലീസ് ഭീതി ഇവിടെ സംഭവിച്ചിട്ടില്ലെന്ന് സംഭവങ്ങളെ നിഷ്പക്ഷതയോടെ സമീപിക്കുന്ന ആര്‍ക്കും ബോധ്യമാകും. മരിച്ച രണ്ടാളും ഇതര സംസ്ഥാനക്കാരാണ്. അവരാകട്ടെ വിവിധ സംസ്ഥാനങ്ങള്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ആക്രമണകാരികളായ തീവ്രവാദികളുമാണ്.

ആദിവാസികളുടെ യോഗം നടത്തുകയോ അത്തരം സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിന് മധ്യേയല്ല വെടിവയ്പുണ്ടായത്.  മാസങ്ങളായി നിയമവിരുദ്ധതാവളം സൃഷ്ടിച്ച് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ഇതറിഞ്ഞെത്തിയ പൊലീസ് സേനയ്ക്കുനേരെ മാവോവാദികള്‍  വെടിവച്ചു എന്ന പൊലീസ് വെളിപ്പെടുത്തലിനോട് അവിശ്വാസം വേണ്ട.

നേപ്പാളില്‍ തുടങ്ങി ബംഗാള്‍, ഒഡിഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്്, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നിവയും കേരളവുമായി ബന്ധിപ്പിക്കുന്ന ഒരു “ചുവന്ന ഇടനാഴി” സ്ഥാപിക്കാനുള്ള പരിശ്രമമായിരുന്നു കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ നടന്നുവന്നതെന്നാണ് പുറത്തുവന്ന മാധ്യമവിവരങ്ങള്‍.


മാവോവാദികളുടെ ഈ പ്രവര്‍ത്തനം അറിഞ്ഞ് വനപ്രദേശത്ത് എത്തി പട്രോള്‍ നടത്തുകയായിരുന്ന പൊലീസിനുനേരെ വെടിവയ്പുണ്ടായി. തുടര്‍ന്ന് വെടിവച്ച സ്ഥലത്തേക്ക്  പൊലീസ് തിരിച്ച് വെടിവച്ചപ്പോള്‍ ചിലര്‍ ഓടിരക്ഷപ്പെടുകയും രണ്ടാള്‍ മരിക്കുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ അവിശ്വസിക്കേണ്ടതായിട്ടില്ലെന്നും കോടിയേരി പറയുന്നു.

ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലെ വനമേഖലയിലുള്ളതുപോലെയുള്ള സാമൂഹ്യ സാമ്പത്തിക അന്തരീക്ഷമല്ല കേരളത്തിലേത്. എന്നിട്ടും ഈ സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാവോവാദികള്‍ ഇറങ്ങിത്തിരിച്ചത് ദുരൂഹമാണ്. ഇടതുപക്ഷഭരണകാലത്ത് പശ്ചിമബംഗാളില്‍ ബുദ്ധദേവ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ തൃണമൂലുമായും മറ്റു കമ്യൂണിസ്റ്റുവിരുദ്ധരുമായും മഹാസഖ്യത്തില്‍ ഏര്‍പ്പെട്ടവരാണ് മാവോയിസ്റ്റുകള്‍.

തൃണമൂലുമായി ചേര്‍ന്ന് സിപിഐ എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകരെ വകവരുത്താനും ഇക്കൂട്ടര്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. കേരളത്തില്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് ഇവിടത്തെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാവോവാദി പ്രവര്‍ത്തനം സജീവമാക്കുകയും ഇതര സംസ്ഥാനങ്ങളിലെയടക്കം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം നടത്തുകയും ചെയ്യുന്നതിനുമുന്നില്‍ നിയമത്തിന് കണ്ണടയ്ക്കാന്‍ പറ്റില്ല.

നിയമപരമായും ഭരണപരമായുമുള്ള നടപടികള്‍ സ്വീകരിക്കാനുള്ള കടമയും ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. എന്നാല്‍, വിനാശകരമായ ഇവരുടെ രാഷ്ട്രീയനയത്തിനെതിരെ ആശയപരമായ പോരാട്ടം നടത്താനുള്ള ഉത്തരവാദിത്തവും ജാഗ്രതയും സി.പി.ഐ.എം  കാട്ടും. മാവോവാദി തീവ്രവാദികളെയും അവരെ അനുകൂലിക്കുന്നവരെയും ആശയ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ ശരിയായ വഴിയിലേക്ക് കൊണ്ടുവരിക എന്നതാണ് സി.പി.ഐ.എം സമീപനമെന്നും ലേഖനത്തില്‍ കോടിയേരി പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more