നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട; തണ്ടര്‍ബോള്‍ട്ട് ഓഫീസര്‍ക്കും പോലീസിനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
Daily News
നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട; തണ്ടര്‍ബോള്‍ട്ട് ഓഫീസര്‍ക്കും പോലീസിനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th December 2016, 12:25 pm

nilambur-maoist

മലപ്പുറം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. അഡ്വ. പി.എ പൗരന്‍ നല്‍കിയ പരാതിയിലാണ് പോലീസിനെതിരായി കേസ് രജിസ്റ്റര്‍ ചെയ്തത്. മാവോയിസറ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും ഇതിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണെന്നുമായിരുന്നു പൗരന്റെ പരാതി.

തണ്ടര്‍ബോള്‍ട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ വിജയകുമാര്‍. മലപ്പുറം എസ്.പി ദേബാശിഷ് ബെഹ്‌റ, പെരിന്തല്‍ണ്ണ സബ്ഡിവിഷണല്‍ മജിസ്േട്രറ്റ് ജാഫര്‍ മാലിക്ക് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും പൗരന്റെ പരാതിയില്‍ വ്യക്തമാക്കുന്നു

തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണചുമതല. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കാന്‍ നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ ഹാജരാകാന്‍ പൗരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, വ്യാജ തെളിവുകള്‍ സൃഷ്ടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തണമെന്നും പൗരന്റെ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, അജിത എന്നിവരെ പ്രതികളാക്കിയാണ് നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

മഹാരാഷ്ട്രയില്‍ നടന്ന ഏറ്റമുട്ടല്‍ കേസുകളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഉത്തരവിറക്കവെ ഭാവിയില്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടാകുമ്പോള്‍ പാലിക്കേണ്ട 16 മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചിരുന്നു.  ഏറ്റുമുട്ടല്‍ കൊലകള്‍ ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് അവയില്‍ പ്രധാന നിര്‍ദേശം. നിലമ്പൂര്‍ വെടിവെപ്പില്‍ അത് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അഡ്വ. പൗരന്‍ പരാതി നല്‍കിയത്.