മലപ്പുറം: എം.എല്‍.എ പി.വി. അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് അഭിനേത്രിയും ഇടതുസഹയാത്രികയുമായ നിലമ്പൂർ ആയിഷ. പി.വി. അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന് നിലമ്പൂർ ആയിഷ പൂര്‍ണ പിന്തുണയറിയിച്ചു. അന്‍വറില്‍ പൂർണവിശ്വാസമുണ്ടെന്നും ആയിഷ പറഞ്ഞു.
പി.വി. അന്‍വറിനെ നേരിട്ട് വന്നുകണ്ടുകൊണ്ടാണ് നിലമ്പൂർ ആയിഷ പിന്തുണ പ്രഖ്യാപിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പി.വി. അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോയില്‍, 2016ല്‍ മത്സരിക്കുന്നതിനായി സഖാവ് കുഞ്ഞാലിയുടെ പങ്കാളിയില്‍ നിന്ന് കെട്ടിവെക്കാനുള്ള പണം വേടിച്ചുതന്നത് ആയിഷയുടെ സാന്നിധ്യത്തിലാണെന്ന് അന്‍വര്‍ പറയുന്നുണ്ട്. അന്ന് കണ്ട തനിക്ക് ഇപ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ചോദിച്ച അന്‍വറിന് ഒരു മാറ്റവും ഇല്ലെന്ന് ആയിഷ പ്രതികരിച്ചു.
നിലവില്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളും പ്രശ്‌നങ്ങളും എങ്ങനെ, എപ്പോള്‍ സംഭവിച്ചു എന്നതില്‍ വ്യക്തതയില്ല. സത്യം എന്താണെന്ന് അറിയാനും കഴിയുന്നില്ലെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു. ഇതിന്റെയെല്ലാം പിന്നില്‍ ആരാണ് എന്നതിനെ കുറിച്ചറിയില്ലെന്നും നിലമ്പൂര്‍ ആയിഷ ചൂണ്ടിക്കാട്ടി.
പി.വി. അന്‍വറിനോട് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തിയുണ്ടെങ്കില്‍ അദ്ദേഹത്തിന് ചുറ്റും ഇത്രയധികം ആളുകള്‍ തടിച്ചുകൂടില്ലായിരുന്നുവെന്നും ആയിഷ പറഞ്ഞു. നമ്മള്‍ മുന്നോട്ടുപോകണമെന്നും നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ദുഃഖമുണ്ടെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുമെന്ന് പി.വി അന്‍വര്‍ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ വേണമെന്ന് പറഞ്ഞ അന്‍വര്‍ കേരളത്തിലെ യുവാക്കള്‍ തന്റെ കൂടെ നില്‍ക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
കൂടാതെ മലപ്പുറത്ത് ഒരുലക്ഷം പേരെ ഉള്‍ക്കൊളളിച്ചു പൊതുയോഗം നടത്തുമെന്നും അന്‍വര്‍ പറയുകയുണ്ടായി. സംസ്ഥാനത്തിന്റെ ഭരണം കുത്തഴിഞ്ഞ നിലയിലാണെന്ന് ആരോപിച്ച അന്‍വര്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും വേണമെങ്കില്‍ മുഹമ്മദ് റിയാസിന് ആ സ്ഥാനംഏറ്റെടുക്കാമെന്നും പരിഹാസ രൂപേണ പറയുകയും ചെയ്തു.