| Tuesday, 31st January 2023, 8:10 am

നിലമ്പൂര്‍ ആയിഷയും ആമിര്‍ പള്ളിക്കലിന്റെ ആയിഷയും| Dmovies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗദി അറേബ്യയിലേക്ക് ഗദ്ദാമയായി എത്തിയ ആയിഷ എന്ന സ്ത്രീയുടെ കഥയാണ് ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ആയിഷ. കേരളത്തിലെ ആദ്യ മുസ്‌ലിം നാടക നടിയായ നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ആയിഷയെ അവതരിപ്പിച്ചത്.

കേരളത്തിലെ കലയുടെ ചരിത്രത്തിലും സ്ത്രീകളുടെ മുന്നേറ്റത്തിലും നിലമ്പൂര്‍ ആയിഷക്ക് വലിയ പങ്കുണ്ട്. നാടകത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ മതയാഥാസ്ഥികരില്‍ നിന്നും വെടിയുണ്ട ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കല്ലേറ് കൊണ്ട് മുറിവില്‍ നിന്നും ചോര വാര്‍ന്ന് ഒലിക്കുമ്പോഴും നാടകം നിര്‍ത്താതെ പോരാടിയ ധീര വനിതയാണ് നിലമ്പൂര്‍ ആയിഷ.

പതിനാറ് വയസുമുതല്‍ അഭിനയത്തിലേക്ക് എത്തിയ ആയിഷ ഇന്നും അതേ ആവേശത്തില്‍ തന്നെ സിനിമയില്‍ തുടരുകയാണ്. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുകയും നാടക പ്രസ്ഥാനങ്ങളുടെ ഭാഗമായി അനവധി വേദികളില്‍ നാടകം അവതരിപ്പിക്കുകയും ചെയ്ത നിലമ്പൂര്‍ ആയിഷയോട് നീതി പുലര്‍ത്താന്‍ ആമിര്‍ പള്ളിക്കലിന്റെ ആയിഷക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതില്‍ സംശയമാണ്.

spoiler alert…

ഗദ്ദാമയായി സൗദിയില്‍ പോയപ്പോഴുണ്ടായ ആയിഷയുടെ അനുഭങ്ങളാണ് ചിത്രത്തിന്റെ ഭൂരിഭാഗവും കാണിക്കുന്നത്. മാമ്മ എന്ന പ്രായമായ സ്ത്രീയെ നോക്കാനായിട്ട് ചെല്ലുന്ന ഗദ്ദാമയായ് അവരെ പരിചരിക്കുന്നതും അവിടെ അതിജീവിക്കുന്നതുമായാണ് ചിത്രത്തില്‍ കാണിക്കുന്നത്. നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിലെ ഇങ്ങനെയൊരു ഭാഗമെടുത്ത് സൗദിയിലെ ഒരു കൊട്ടാരത്തിലുള്ളവരുടെ ജീവിതം, അവരുടെ നന്മകള്‍ ഒക്കെ പ്രേക്ഷകരില്‍ എത്തിക്കുക എന്ന ദൗത്യം മാത്രമാണ് സംവിധായകനുള്ളതെന്നാണ് ചിത്രം കാണുമ്പോള്‍ തോന്നുക.

നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത നാടകത്തെയോ നാടക വേദികളോ ആയിഷയില്‍ ഇല്ല. മതത്തിന്റെ പേരില്‍ തന്നെ തളച്ചിടാന്‍ നോക്കിയ സ്വന്തം നാട്ടില്‍ നിന്നും മനസ് മടുത്ത് പോയ നിലമ്പൂര്‍ ആയിഷയെ സ്വീകരിച്ച ഇടമായി തന്നെയാണ് സൗദിയെ കാണിക്കുന്നത്. വെറും ഒരു നാടകനടിയായിട്ട് മാത്രമാണ് നിലമ്പൂര്‍ ആയിഷയെ ചിത്രത്തില്‍ കാണിക്കുന്നത്. അവര്‍ നേരിട്ട പ്രശ്‌നങ്ങളും ചൂഷണങ്ങളും വളരെ മൃദുവായി കാണിച്ച ചിത്രത്തില്‍ മാമ്മ എന്ന കഥാപാത്രത്തിന്റെ ജീവിതം തന്നെയാണ് ഭൂരിഭാഗത്തിലുമുള്ളത്. അവരുടെ ജീവിതവും പ്രണയവും പ്രായാധിക്യം മൂലമുള്ള വിഷമങ്ങളുമാണ് ചിത്രത്തിന്റെ നല്ലൊരു ശതമാനവും സംസാരിക്കുന്നത്.

ഒരുപക്ഷെ സംവിധായകനും അതാണ് ഉദ്ദേശിച്ചതെങ്കില്‍ മനോഹരമായി തന്നെ അതുകാണിച്ചിട്ടുണ്ട്. എന്നാല്‍ നിലമ്പൂര്‍ ആയിഷയുടെ ജീവിതം സിനിമയാക്കിയതാണെന്ന തരത്തില്‍ മഞ്ജു വാര്യരുടെ ആയിഷയെ കാണാന്‍ കഴിയില്ല. ഗദ്ദാമയായി പ്രവാസ ജീവിതം നയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ മാത്രമാണ് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ കാണിക്കാന്‍ ശ്രമിച്ചതെങ്കിലും ഒരുവേള ആയിഷ മാമ്മ എന്ന കഥാപാത്രത്തിന്റെ സിനിമയായി മാറുന്നുണ്ട്.

മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതല്‍ ഭാഗത്തും അറബിയാണ് സിനിമ സംസാരിക്കുന്നത്. കൂടാതെ വിവിധ ഭാഷകളും സിനിമയില്‍ കടന്നുവരുന്നുണ്ട്.

content highlight: nilambur ayisha and aamir pallikkal’s ayisha movie

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്