കോണ്‍ഗ്രസ് ഓഫീസിലെ കൊല: അറസ്റ്റിനു മുമ്പ് ബിജു നായര്‍ ആര്യാടന്‍ ഷൗക്കത്തിനെ കണ്ടതായി വെളിപ്പെടുത്തല്‍
Kerala
കോണ്‍ഗ്രസ് ഓഫീസിലെ കൊല: അറസ്റ്റിനു മുമ്പ് ബിജു നായര്‍ ആര്യാടന്‍ ഷൗക്കത്തിനെ കണ്ടതായി വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th February 2014, 11:03 am

[share]

[]നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ബിജു നായര്‍ അറസ്റ്റിന്റെ തൊട്ടു മുമ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും നിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്തിനെ കണ്ടിരുന്നതായി വെളിപ്പെടുത്തല്‍.

നിലമ്പൂരില്‍ സ്റ്റുഡിയോ നടത്തുന്ന ഫോട്ടോഗ്രാഫര്‍ മുകുന്ദന്റേതാണ് ഈ വെളിപ്പെടുത്തല്‍. ആര്യാടന്‍ ഷൗക്കത്തുമായി ബിജു നായര്‍ ക്ഷേത്രത്തിനകത്ത് വച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോകളും ക്യാമറയിലെ മെമ്മറി കാര്‍ഡും കോണ്‍ഗ്രസ് നേതാക്കള്‍ പിടിച്ചെടുത്തതായും മുകുന്ദന്‍ പറഞ്ഞു.

ഷൗക്കത്തുമായി കൂടിക്കാഴ്ച നടത്തിയ ദിവസം വൈകുന്നേരമാണ് ബിജുവിനെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

ബിജുവും ഷൗക്കത്തും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ എന്തിനാണ് ഒളിപ്പിയ്ക്കുന്നതെന്ന് ചോദിച്ച് നേരത്തേ മുകുന്ദന്‍ രംഗത്തുണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് തങ്ങള്‍ക്ക്  യാതൊരറിവുമില്ലെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചിരുന്നത്. ഇതോടെ കേസന്വേഷണത്തെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ഒരു വിവരമാണ് പുറത്ത് വന്നിരിയ്ക്കുന്നത്.

കേസില്‍ ഏതന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് ഷൗക്കത്ത് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ സി.പി.ഐ.എം തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിയ്ക്കുകയാണെന്നും ഷൗക്കത്ത് ആരോപിച്ചിരുന്നു.സി.ബി.ഐ അന്വേഷണത്തേയും ഷൗക്കത്ത് സ്വാഗതം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ കേസന്വേഷണത്തില്‍ തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ആര്യാടനു നേരെ യുവാവ് കയ്യേറ്റ ശ്രമവും നടത്തിയിരുന്നു.

രണ്ടാഴ്ച മുമ്പാണ് കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയായ രാധയുടെ മൃതദേഹം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഒരു കുളത്തില്‍ നിന്ന് കണ്ടെടുത്തത്. ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ രീതിയിലായിരുന്നു മൃതദേഹം.

സംഭവത്തെ തുര്‍ന്ന് അറസ്റ്റിലായ ബിജു നായര്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സനല്‍ സ്റ്റാഫംഗമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ധീനും സംഭവത്തില്‍ അറസ്റ്റിലായിരുന്നു.