[share]
[]മലപ്പുറം: കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല ചെയ്യപ്പെട്ട കേസിന്റെ അന്വേഷണച്ചുമതല എ.ഡി.ജി.പി ബി.സന്ധ്യയെ ഏല്‍പിച്ചു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം സംബന്ധിച്ച് ഏറെ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണച്ചുമതല മാറ്റിയെന്ന് മന്ത്രി അറിയിച്ചിരിയ്ക്കുന്നത്.
അന്വേഷണം ആരംഭിച്ച സമയത്ത് കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളുടേയും സഹോദരന്റേയും മൊഴി കോണ്‍ഗ്രസ് നേതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ പരസ്യമായി എടുത്തത് വിവാദമായിരുന്നു.
പിന്നീട് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലപ്പുറം എസ്.പിയെ അറിയിയ്ക്കരുതെന്ന് രാധയുടെ ബന്ധുക്കളോട് അന്വേഷണ ചുമതലയുള്ള ഐ.ജി നിര്‍ദേശിച്ചതും എസ്.പിയെ സ്ഥലം മാറ്റിയതും ഏറെ ആരോപണങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഇതിനിടെ അന്വേഷണച്ചുമതല വനിതാ എസ്.ഐയ്ക്ക് നല്‍കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അന്വേഷണം ബി.സന്ധ്യയെ ഏല്‍പിയ്ക്കണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫും ആവശ്യപ്പെട്ടിരുന്നു.
രണ്ടാഴ്ച മുമ്പാണ് പ്രദേശത്തെ പഞ്ചായത്ത് കുളത്തില്‍ നിന്ന് കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയായ രാധയുടെ മൃതദേഹം ലഭിച്ചത്. ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സനല്‍ സ്റ്റാഫംഗമായ ബിജു നായരും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ധീനും അറസ്റ്റിലായിരുന്നു.