| Tuesday, 11th February 2014, 9:45 am

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: സ്ത്രീ മരിച്ചത് ക്രൂരമായ ബലാത്സംഗത്തിനിടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]നിലമ്പൂര്‍: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകത്തില്‍ യുവതി മരിച്ചത് ക്രൂരമായ ബലാത്സംഗത്തിനിടെ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്.

യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകളുള്ളതായും ശരീരമാസകലം മറ്റ് മുറികള്‍ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

രാധയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം.

ഞണ്ടുള്ള കുളത്തിലാണ് മൃതദേഹം കൊണ്ടു ചെന്നിട്ടത്. മൃതദേഹത്തിന്റെ പല ഭാഗവും അഴുകിത്തുടങ്ങിയിരുന്നു. കാലുകള്‍ രണ്ടും മടക്കി കൂട്ടിക്കെട്ടിയാണ് കുളത്തിലിട്ടത്.

ബലാത്സംഗം നടന്ന ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടായതായും അത് ഹൃദയാഘാതത്തിലേക്ക് നയിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതിയുടെ മൂക്കും വായും പ്ലാസ്റ്റര്‍ കൊട്ട് ഒട്ടിച്ചനിലയിലായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ശ്വാസതടസവും മരണകാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. മാനഭംഗ ശ്രമം നടന്നതായി പൊലീസും പറയുന്നുണ്ട്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു നേരത്തെ തന്നെ വ്യക്തമായിരുന്നു.

അതേസമയം പ്രതികളുടെ വീട്ടില്‍ നിന്ന് രാധയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സംഭവത്തില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിജുനായര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ എന്നിവരെ എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി അഞ്ചിന് രാവിലെ കോണ്‍ഗ്രസ് ഓഫിസ് അടിച്ചുവാരാനത്തെിയ രാധയെ ഇരുവരും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം കാറിലേക്ക് മാറ്റി. രാധയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ഷംസുദ്ദീന്‍ പിന്നീട് അങ്ങാടിപ്പുറം ക്ഷേത്രത്തിന് സമീപം ഫോണ്‍ ഓണ്‍ ചെയ്ത് ഉപേക്ഷിക്കുകയായിരുന്നു.

രാത്രിയോടെ അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളത്തെ പഴയ പഞ്ചായത്തുകുളത്തില്‍ മൃതദേഹം ചാക്കിലാക്കി കല്ലുകെട്ടി താഴ്ത്തി.
ഞായറാഴ്ച വൈകുന്നേരം നാലോടെ മോട്ടോര്‍ പമ്പ് അറ്റകുറ്റപ്പണിക്കത്തെിയ തൊഴിലാളികളാണ് ഒരു കൈയും കാലും പുറത്തേക്ക് നില്‍ക്കുന്ന രീതിയില്‍ ചാക്കില്‍ മൃതദേഹം കണ്ടത്.

തിങ്കളാഴ്ച രാവിലെ എട്ടോടെ പുറത്തെടുത്ത മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, പ്രതി ബിജു നായര്‍ക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കൊല്ലപ്പെട്ട രാധയ്ക്കറിയാമായിരുന്നു. ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. ഭീഷണി തുടര്‍ന്നപ്പോള്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീനില്‍നിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും ചെയ്തു. മൊബൈല്‍ഫോണ്‍ അങ്ങാടിപ്പുറംവരെ കൊണ്ടുപോയി സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിഞ്ഞു.

കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് മരിച്ച യുവതിയുടെ സഹോദരന്‍ ഭാസ്‌കരന്‍ പറഞ്ഞു. സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.

മുമ്പ് രണ്ടു തവണ രാധയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ബിജു നായര്‍ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നു.

അതേസമയം പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തന്റെ പേഴ്‌സണല്‍ സ്റ്റാഫായ ബിജുവിനെ പിരിച്ചു വിടാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more