| Saturday, 3rd November 2012, 12:57 pm

നീലംചുഴലിക്കാറ്റ്: എണ്ണക്കപ്പലില്‍ നിന്ന് കാണാതായവരുടെ മൃതദേഹം ലഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നീലം ചുഴലിക്കൊടുങ്കാറ്റില്‍പെട്ട “പ്രതിഭാ കാവേരി എന്ന എണ്ണക്കപ്പലില്‍ നിന്ന് കടലില്‍ വീണ് കാണാതായ അഞ്ചുപേരുടെയും മൃതദേഹം കണ്ടെടുത്തു. ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെടുത്തതോടെയാണ് മുഴുവന്‍ പേരുടെ മൃതദേഹങ്ങളും ലഭിച്ചത്.

കര്‍ണാടകയിലെ ബെല്‍ഗാം സ്വദേശി ജാധവ് ഭഷഭ് (24), തമിഴ്‌നാട്ടിലെ ആര്‍ക്കോണം സ്വദേശി നിരഞ്ജന്‍ കെ. കോദണ്ഡപാണി (24), മുംബൈ സ്വദേശി കമിത്കര്‍ രാജ് രമേഷ് (22) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.[]

കാസര്‍കോട് പെര്‍ളത്തടുകയില്‍ കുഴിവേലില്‍ കെ.ജെ. ജോസഫിന്റെ മകന്‍ ജോമോന്‍ ജോസഫ് (23), കാസര്‍കോട് ഉദുമ പുതിയപുരയില്‍ പി.പി. ചന്ദ്രശേഖരന്‍ നായരുടെ മകന്‍ പി. കൃഷ്ണചന്ദ്രന്‍ (23) എന്നിവരെയാണ് ഇവര്‍ക്കൊപ്പം കാണാതായത്.

ദിശ തെറ്റിയ കപ്പല്‍ ബസന്ത്‌നഗര്‍ തീരത്താണ് ആദ്യം മണല്‍ത്തിട്ടയിലുറച്ചത്. പിന്നീട് കാറ്റിന്റെ ഗതിയില്‍ വടക്കോട്ടു നീങ്ങിയ കപ്പല്‍ ഇപ്പോള്‍ മറീന തീരത്തു മണല്‍ത്തിട്ടയിലിടിച്ചു നില്‍ക്കുകയാണ്.

അതേസമയം കപ്പല്‍ ചെന്നൈയ്ക്ക് പുറത്തേക്കു കൊണ്ടുപോകുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. ബോട്ട് മറിഞ്ഞ് മരിച്ച പുതുച്ചേരി സ്വദേശി ആനന്ദ് മോഹന്‍ദാസിന്റെ സഹോദരന്‍ ശങ്കരനാരായണന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഒരു കോടി രൂപ നഷ്ടപരിഹാരം തേടിയാണ് ഹരജി.

വളരെ മോശം സാഹചര്യത്തിലാണു കപ്പലില്‍ ജീവനക്കാര്‍ കഴിഞ്ഞിരുന്നതെന്നും വേതനമോ മതിയായ ആഹാരമോ നല്‍കിയിരുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ചികില്‍സാ സൗകര്യംപോലും നല്‍കിയിരുന്നില്ല. കടലില്‍ വീണപ്പോള്‍ സഹോദരനു രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത് ആരോഗ്യ സ്ഥിതി മോശമായതുകൊണ്ടാണെന്നും കപ്പല്‍ കമ്പനിക്കാരാണ് ഇതിനു കാരണക്കാരെന്നും ശങ്കരനാരായണന്‍ കുറ്റപ്പെടുത്തുന്നു.

We use cookies to give you the best possible experience. Learn more