നിലമ്പൂര്‍: പി.വി അന്‍വര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നിലമ്പൂര്‍ ആയിഷ. പി.വി. അന്‍വറിനൊപ്പമാണെന്നും മുഖ്യമന്ത്രിക്കെതിരാണെന്നുമുള്ള വാര്‍ത്തയിലായിരുന്നു നിലമ്പൂര്‍ ആയിഷയുടെ പ്രതികരണം. ഇടതുസഹയാത്രികയായ നിലമ്പൂര്‍ ആയിഷ പി.വി അന്‍വറിന്റെ വീട് സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് എം.എല്‍.എക്ക് പൂര്‍ണ പിന്തുണ നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ ആയിഷയുടെ പ്രതികരണം.
അന്‍വറിനോട് സ്‌നേഹമുണ്ട് അതിലേറെ സ്‌നേഹം പാര്‍ട്ടിയോടാണ്, പട്ടിണി കിടന്ന് നാടകം കളിച്ചു വളര്‍ത്തിയ പ്രസ്ഥാനത്തെ അത്ര വേഗം മുറിച്ചുമാറ്റാന്‍ കഴിയില്ലെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു.
താന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരാണെന്ന വാര്‍ത്ത ശരിയല്ലെന്നും അന്‍വറിനോട് സ്‌നേഹമുണ്ടെന്നും നിലമ്പൂര്‍ ആയിഷ വ്യക്തമാക്കി. അന്‍വറിനെ കണ്ടുമടങ്ങിയതിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
മരിക്കുവോളം ഈ പാര്‍ട്ടിയിലായിരിക്കുമെന്നും വളര്‍ത്തിയ പ്രസ്ഥാനത്തെ മുറിച്ചുമാറ്റാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ സംഭവങ്ങള്‍ ഓര്‍മയില്‍ ഇല്ലായിരുന്നുവെന്നും അന്‍വറിന്റെ വീടിന് മുന്നിലൂടെ പോയപ്പോള്‍ കൂടെയുള്ള സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം ഉമ്മയെ കാണാന്‍ കയറിയതായിരുന്നുവെന്നും നിലമ്പൂര്‍ ആയിഷ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ഇന്ന് അന്‍വറിന്റെ വീടിന്റെ മുന്നില്‍ കൂടി പോയപ്പോള്‍ കൂടെയുള്ള സുഹൃത്താണ് പറഞ്ഞത് അവിടെ ഒന്ന് കയറാം ഉമ്മയെ ഒന്ന് കാണാം എന്ന്. അങ്ങനെ കയറിയതാണ്. സത്യത്തില്‍ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഓര്‍മയില്‍ ഇല്ലായിരുന്നു. വയസ്സ് 89 ആണേയ്, അവിടുന്ന് എന്തൊക്കെയോ സംസാരിച്ചു. എം.എല്‍.എയോട് സ്നേഹമുണ്ട്. പാര്‍ട്ടിയോട് അതിലേറെയും. വീട്ടിലെത്തി പേരമക്കള്‍ പറഞ്ഞു തന്നപ്പോഴാണ് അറിഞ്ഞത് ഞാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരാണ് എന്ന രീതിയില്‍ വാര്‍ത്ത വരുന്നുണ്ട് എന്ന്. അത് ശരിയല്ല. അങ്ങനെ ഒരു അവസരം ഉണ്ടായതില്‍ ഖേദിക്കുന്നു. നിലമ്പൂര്‍ ആയിഷ മരിക്കുവോളം ഈ പാര്‍ട്ടിയില്‍ തന്നെ ആയിരിക്കും. പട്ടിണി കിടന്നു നാടകം കളിച്ചു വളര്‍ത്തിയ പ്രസ്ഥാനമാണ് അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയില്ല. ലാല്‍ സലാം,’ നിലമ്പൂര്‍ ആയിഷ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പി.വി. അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
അന്‍വറിനെ സന്ദര്‍ശത്തിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട നിലമ്പൂര്‍ ആയിഷ നിലവില്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളും പ്രശ്നങ്ങളും എങ്ങനെ, എപ്പോള്‍ സംഭവിച്ചു എന്നതില്‍ വ്യക്തതയില്ലെന്നും സത്്യം എന്താണെന്ന് അറിയാനും കഴിയുന്നില്ലെന്നും ആയിഷ പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം പിന്നില്‍ ആരാണ് എന്നതിനെ കുറിച്ചറിയില്ലെന്നും നിലമ്പൂര്‍ ആയിഷ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: nilabur ayisha clarified her postion in pv anwar issue