ചരിത്രത്തിലാദ്യം, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ നമീബിയൻ താരം; ലോകത്തിലെ ആദ്യ താരം!
Cricket
ചരിത്രത്തിലാദ്യം, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ നമീബിയൻ താരം; ലോകത്തിലെ ആദ്യ താരം!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th June 2024, 2:09 pm

ടി-20 ലോകകപ്പില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ നമീബിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു. മത്സരം മഴമൂലം 10 ഓവറാക്കി ചുരുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

മത്സരത്തില്‍ ഇംഗ്ലണ്ടിനായി ഹാരി ബ്രുക് 20 പന്തില്‍ 47 റണ്‍സും ജോണി ബെയര്‍‌സ്റ്റോ 18 പന്തില്‍ പുറത്താവാതെ 31 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ബ്രുക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് മൂന്നു ഫോറുകളും രണ്ട് സിക്‌സുമാണ് ബെയര്‍ സ്റ്റോയുടെ ബാറ്റില്‍ നിന്നും പിറന്നത്.

എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നമീബിയക്കായി വാന്‍ ലിങ്കന്‍ 29 പന്തില്‍ 33 റണ്‍സും ഡേവിസ് വീസ് 12 പന്തില്‍ 27 നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

എന്നാല്‍ മത്സരത്തില്‍ മറ്റൊരു അപൂര്‍വ്വ നേട്ടമാണ് പിറവിയെടുത്തത്. മത്സരത്തിനിടെ നമീബിയന്‍ താരം നിക്കോ ഡാവിന്‍ ക്രിക്കറ്റില്‍ വിരമിക്കുകയായിരുന്നു. 16 പന്തില്‍ ഓരോ വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 18 റണ്‍സ് നേടിയ ഡാവിന്‍ മത്സരത്തിന്റെ ആറാമത്തെ ഓവര്‍ അവസാനിച്ചതിനുശേഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു.

ടീമിന് കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യാന്‍ ആവശ്യമായ താരങ്ങള്‍ ഇറങ്ങുന്നതിനു വേണ്ടിയാണ് ഡാവിന്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ഇതിന് പിന്നാലെ ടി-20 ലോകകപ്പിന്റെ മത്സരത്തിനിടെ വിരമിക്കുന്ന ആദ്യ താരമായി ഡാവിന്‍ മാറി.

അതേസമയം ലോകകപ്പില്‍ നാലു മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും മൂന്ന് തോല്‍വിയുമടക്കം രണ്ട് പോയിന്റോടെ ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനത്തായിരുന്നു നമീബിയ ഫിനിഷ് ചെയ്തത്.

Content Highlight: Niko Davin Create a Rare Record in Cricket