വാഷിങ്ടണ്‍: എട്ട് മാസത്തോളമായി തുടരുന്ന ഗസയിലെ വംശഹത്യക്ക് പരസ്യ പിന്തുണ നല്‍കി അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലി. ഇസ്രഈല്‍ മിസൈലുകളുടെ മുകളില്‍ അവരെ തീര്‍ത്തേക്കെന്ന് എഴുതി ഒപ്പിടുന്നതിന്റെ ദൃശ്യങ്ങളാണ് ഹേലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഇസ്രഈലിലെ ഐക്യരാഷ്ട്ര സഭയുടെ മുന്‍ അംബാസിഡറായ ഡാനി ഡാനനും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ഫിനിഷ് ദെം, അമേരിക്ക ലൗവ് ഇസ്രഈല്‍’ എന്നാണ് ഹേലി തന്റെ പേരെയുതി മിസൈലില്‍ കുറിച്ചത്. ഇസ്രഈലില്‍ കഴിഞ്ഞ ഒരാഴ്ചയായി സന്ദര്‍ശനം നടത്തി വരികയാണ് ഹേലി. ഇതിനിടെയാണ് ഗസയിലെ വംശഹത്യയെ പിന്തുണച്ച് കൊണ്ടുള്ള ഹേലിയുടെ നടപടി.
ദൃശ്യങ്ങള്‍ വിവാദമായതോടെ നിലപാടില്‍ ഉറച്ച് നിന്ന് കൊണ്ട് ഹേലി വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ‘അവരെ തീര്‍ക്കണമെന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. അവര്‍ക്ക് ഹമാസിനെ തീര്‍ത്തേ പറ്റുള്ളൂ. ഹമാസിനെ തീര്‍ക്കുന്നത് വരെ ഇസ്രഈല്‍ ആക്രമണം അവസാനിപ്പിക്കരുത്. ഹമാസില്‍ നിന്നോ മറ്റാരില്‍ നിന്നോ ഇത്തരം പ്രവര്‍ത്തികള്‍ ഇനി ഉണ്ടാവില്ലെന്ന് ഇസ്രഈല്‍ ഉറപ്പ് വരുത്തുകയും വേണം,’ ഹേലി പറഞ്ഞു.
അമേരിക്ക എന്നും ഇസ്രഈലിന്റെ കൂടെ നില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച സ്‌പെയ്ന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ തീരുമാനത്തെയും ഹെയ്‌ലി വിമര്‍ശിച്ചു. ഹമാസ് ചെയ്ത ക്രൂരതകള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ് തീരുമാനമെന്ന് ഹേലി പറഞ്ഞു.
ഹേലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തി. യുദ്ധ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഫലസ്തീനിലെ സാധാരണക്കാര്‍ സംരക്ഷിക്കപ്പെടണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, റഫയില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രഈല്‍. ഞായറാഴ്ച റഫയിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേരാണ് വെന്തുമരിച്ചത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
Content Highlight: Nikki Haley writes ‘Finish Them!’ on Israeli bomb bound for Gaza