റൊമാന്റിക് സിനിമകളിൽ തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് നടി നിഖില വിമൽ. സിനിമകളിലെ പ്രണയ സംഭാഷണങ്ങൾ തനിക്ക് പറയാൻ കഴിയ്യില്ലെന്നും മറിച്ച് ഒരാളെ അടിക്കാൻ പറഞ്ഞാൽ കഴിയുമെന്നും നിഖില പറഞ്ഞു. തന്റെ പുതിയ വെബ് സീരീസായ പേരില്ലൂർ പ്രീമിയർ ലീഗിലാണ് കുറച്ചെങ്കിലും റൊമാൻസ് ചെയ്തതെന്നും നിഖില കൂട്ടിച്ചേർത്തു.
പ്രീസ്റ്റിൽ ആകെയുള്ള ഒരു റൊമാന്റിക് സീൻ എടുക്കുമ്പോൾ വരെ തനിക്ക് ചമ്മൽ ആയിരുന്നെന്നും നിഖില പറയുന്നുണ്ട്. അതുപോലെ ആസിഫ് തന്റെ മുഖത്ത് നോക്കി എങ്ങനെ റൊമാൻസ് പറയുമെന്ന് ചോദിച്ചിരുന്നെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞു.
‘റൊമാൻറിക് സിനിമകൾ അങ്ങനെ ഞാൻ ചെയ്തിട്ടില്ല. ഇതിലാണ് കുറച്ചെങ്കിലും റൊമാൻസ് ഉള്ളത്. ഞാൻ ചെയ്തതൊക്കെ പ്രണയമുള്ള സിനിമകളാണ്. പക്ഷെ ഭയങ്കര ഇമോഷണൽ പ്രേമം, ഡയലോഗ് ഭയങ്കരമായിട്ട് ഉള്ള സിനിമകൾ ഞാൻ ചെയ്തിട്ടില്ല. ചില ആളുകൾ സ്ക്രിപ്റ്റ് ഒക്കെ പറയാൻ വരുമ്പോൾ ഇത് ഞാൻപറഞ്ഞാൽ പറ്റുമോയെന്ന് തോന്നിയിട്ടുണ്ട്.
എന്നെ റൊമാൻറിക് ഡയലോഗ് പറയുന്നതായിട്ട് എനിക്ക് ഉൾക്കൊള്ളാൻ കഴിയില്ല. പ്രീസ്റ്റിൽ ആകെ ഒരു സീനയുള്ളൂ, അതൊക്കെ എടുക്കുമ്പോൾ എനിക്ക് ഭയങ്കര ചമ്മല് വരും. ഞാൻ അങ്ങനെയുള്ള ഒരാളല്ല. എന്നോട് ഒരാൾക്ക് പ്രേമം ആണെന്ന് പറഞ്ഞു കഴിഞ്ഞാൽ നിനക്കെന്നോട് പ്രേമം ഉണ്ടോ, ഓക്കേ എന്ന് പറയുന്ന ഒരാളാണ് ഞാൻ.
അതിന്റെതായ ഒരു നാണമൊന്നും എനിക്ക് വരില്ല. അതുകൊണ്ടുതന്നെ അങ്ങനെയുള്ള ക്യാരക്ടർസ് വരുമ്പോൾ എനിക്ക് ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല. ബാക്കിയുള്ളതൊക്കെ എനിക്ക് ഓക്കെയാണ്. പ്രണയം എനിക്ക് കോൺഫിഡൻസ് ഉള്ള ഒരു വിഭാഗമാണ്. എന്റെ കൂടെ അഭിനയിക്കുന്ന ആൾക്കാരൊക്കെ അങ്ങനെയാണ്. പക്ഷേ അവർക്ക് വേറെ നായികമാരുടെ കൂടെ അഭിനയിക്കുമ്പോൾ അങ്ങനെ ഫീൽ ചെയ്യുമോ എന്ന് എനിക്കറിയില്ല. പക്ഷെ എന്റെ അടുത്ത് വരുമ്പോൾ അങ്ങനെയാണ്.
ആസിഫ് ഇക്ക ഒക്കെ പറയും ഇവളുടെ മുഖത്ത് നോക്കി എങ്ങനെയാണ് റൊമാൻസ് പറയുക എന്ന്. ബാക്കിയൊക്കെ എനിക്ക് ചെയ്യാൻ പറ്റും. ഒരടി കൊടുക്കാൻ പറഞ്ഞാൽ എനിക്ക് ഒക്കെയാണ്. എനിക്ക് പറ്റുമെന്ന് അറിയാം. റൊമാൻസ് എന്നെ കൊണ്ട് പറ്റുമോ എന്നൊരു സാധനം എനിക്കുണ്ട്. പറയാതെ പറയുന്ന പ്രേമങ്ങൾ ഒക്കെയുള്ള സിനിമകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഡയലോഗ്സ് വരുമ്പോഴാണെനിക്ക് പ്രശ്നം,’ നിഖില പറഞ്ഞു.
Content Highlight: Nikila vimal about romantic movies