| Sunday, 15th May 2022, 10:39 am

'നിഖില ബീഫ് കഴിക്കും, പശുവിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ഇനിയും ശബ്ദിക്കും, പേടിപ്പിക്കാന്‍ നോക്കല്ലേ മിത്രങ്ങളെ'

സന്ദീപ് ദാസ്

നിഖില വിമലിന്റെ വൈറലായ ഇന്റര്‍വ്യൂ മുഴുവനും കണ്ടു. അഭിമുഖത്തിന്റെ ആദ്യ 20 മിനിറ്റുകളില്‍ നിഖിലയുടെ മുഖത്ത് ചിരിയും പ്രസന്നതയും നിറഞ്ഞുനില്‍ക്കുകയായിരുന്നു. ”നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല” എന്ന പ്രസ്താവന അവതാരകന്‍ മുന്നോട്ടുവെച്ചതോടെ നിഖില അടിമുടി മാറി.

നിഖിലയുടെ ചിരി ഗൗരവമായി പരിണമിച്ചു. വാക്കുകളുടെ മൂര്‍ച്ച വര്‍ദ്ധിച്ചു. കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചു. ശരീരഭാഷയിലെ ആ മാറ്റം തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ഒരു തല്ലിപ്പൊളി ചോദ്യം തൊടുത്തുവിട്ട അവതാരകന്റെ നെഞ്ചില്‍ ചവിട്ടിനിന്ന് അഭിപ്രായം പറയുന്നത് പോലെയായിരുന്നു അത്!

നിഖില പറഞ്ഞു-
”നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് ആരാണ് പറഞ്ഞത്? പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ല. ഞാന്‍ എന്തും കഴിക്കും…”
അതുകേട്ട അവതാരകന്‍ തന്റെ വാദത്തെ ന്യായീകരിക്കാന്‍ പരമാവധി ശ്രമിച്ചു. ”നമ്മള്‍ സിംഹത്തെ തിന്നുമോ” എന്ന മണ്ടന്‍ ചോദ്യം ഉന്നയിക്കേണ്ട ഗതികേടിലേയ്ക്ക് വരെ അയാള്‍ എത്തിച്ചേര്‍ന്നു. പക്ഷേ നിഖില സ്വന്തം നിലപാടില്‍നിന്ന് ഒരിഞ്ച് പോലും വ്യതിചലിച്ചില്ല.

ബീഫ് കൈവശം വെച്ചു എന്ന ‘കുറ്റം’ ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖിനെ കാവിപ്പട ക്രൂരമായി തല്ലിക്കൊന്നത്. ആ കൊലപാതകം നടന്നത് 2015-ലായിരുന്നു. അഖ്‌ലാഖിനുശേഷം എത്ര പേര്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടുവെന്ന് നമുക്കറിയില്ല. അവരുടെ പേരുകളും വിശദാംശങ്ങളും നമുക്ക് ഓര്‍മ്മയില്ല. അഖ്‌ലാക്കിന്റെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു എന്ന സത്യവും നാം മറന്നിരിക്കുന്നു.

May be an image of 1 person

ഭരണകൂടത്തിന്റെ ഒത്താശയോടെ അരങ്ങേറുന്ന പശുരാഷ്ട്രീയവും ബുള്‍ഡോസര്‍ രാഷ്ട്രീയവുമെല്ലാം നമുക്ക് ശീലമായിക്കഴിഞ്ഞിരിക്കുന്നു. മുസ്‌ലിങ്ങളും ദളിതരും ആക്രമിക്കപ്പെടുന്നത് ഇപ്പോള്‍ ഒരു സ്വാഭാവികതയാണ്. ആ പൊതുബോധം തലയിലേറ്റുന്ന ഒരാളാണ് നിഖിലയുടെ അഭിമുഖം നടത്തിയത്. പക്ഷേ താന്‍ സംസാരിക്കുന്ന വിഷയത്തിന്റെ ഗൗരവം എന്താണെന്ന് നിഖിലയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായതുമില്ല.

May be an image of 1 person

”ഞാന്‍ പശു ഇറച്ചി കഴിക്കും” എന്ന് നിഖില മുഖത്ത് നോക്കി തുറന്നടിച്ചപ്പോള്‍ വികാരം വ്രണപ്പെട്ട അവതാരകന്‍ ഇപ്രകാരം പ്രതികരിച്ചു-
”എന്റെ എല്ലാ സുഹൃത്തുക്കളും ഇത് കാണുന്നുണ്ടല്ലോ അല്ലേ!?’ നിഖിലയെ തെറിവിളിക്കാനുള്ള ആഹ്വാനം പരോക്ഷമായി നല്‍കുകയായിരുന്നു അവതാരകന്‍! മിത്രങ്ങള്‍ അത് ആനന്ദപൂര്‍വ്വം ഏറ്റെടുത്തു. ഇപ്പോള്‍ നിഖിലയ്‌ക്കെതിരെ വ്യക്തിഹത്യയും ചീത്തവിളിയും പൊടിപൊടിക്കുന്നുണ്ട്!

പേരറിയാത്ത,ഒട്ടും പ്രിയമില്ലാത്ത അവതാരകാ,
നിഖിലയുടെ കയ്യില്‍നിന്ന് പരസ്യമായി വയറുനിറച്ച് കിട്ടിയതിന്റെ സങ്കടം ഞങ്ങള്‍ക്ക് മനസ്സിലാകും. ഒന്ന് പൊട്ടിക്കരഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ താങ്കള്‍ക്കുള്ളൂ! നിഖില തുടര്‍ന്നും ബീഫ് കഴിക്കും. പശുവിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട സാധുമനുഷ്യര്‍ക്കുവേണ്ടി അവര്‍ ഇനിയും ശബ്ദിക്കും. ഹിന്ദുത്വവാദികളുടെ നെഞ്ചില്‍ തീകോരിയിടും. മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും നിഖിലയെ പിന്തുണയ്ക്കും.

മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ ഇഷ്ടം എന്ന ക്ലീഷേ ചോദ്യം അവതാരകന്‍ നിഖിലയോടും ചോദിച്ചിരുന്നു. അവര്‍ അതിന് മറുപടി നല്‍കിയില്ല. കുറച്ചുകൂടി നിലവാരമുള്ള ചോദ്യങ്ങള്‍ താന്‍ അര്‍ഹിക്കുന്നു എന്നാണ് നിഖില നിശബ്ദമായി അറിയിച്ചത്.

അതില്‍നിന്ന് പാഠം പഠിക്കാതിരുന്ന അവതാരകന്‍ പശുവിനെക്കുറിച്ച് സംസാരിച്ചു. കഥയും തീര്‍ന്നു! ഇത്രമേല്‍ തെളിമയോടെ ധീരമായി നിലപാട് പറയുന്ന പെണ്ണിനെയാണ് ചീത്തവിളിച്ചും പരിഹസിച്ചും ഒതുക്കാന്‍ നോക്കുന്നത്! വെറുതെ ചിരിപ്പിക്കല്ലേ മിത്രങ്ങളേ…!”

Content Highlight: nikhila vimals answer was like stepping on the presenter’s chest and commenting on a crazy question

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more