സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായ ഭാഗ്യദേവതയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന അഭിനേത്രിയാണ് നിഖില വിമല്‍. ബാലതാരമായി കടന്നുവന്ന് പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികയായി ഉയരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിരക്കുള്ള നായികയാണ് നിഖില വിമല്‍.
2016ല്‍ പുറത്തിറങ്ങിയ വെട്രിവേല്‍ ആണ് നിഖില വിമലിന്റെ ആദ്യ തമിഴ് ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ നിഖില തമിഴില്‍ അറിയപ്പെടുന്ന താരമായി. തുടര്‍ന്ന് കിടാരി, തമ്പി, പോര്‍ തൊഴില്‍, പഞ്ചുമിട്ടായി തുടങ്ങിയ ഒരുപിടി മികച്ച തമിഴ് ചിത്രങ്ങളുടെ ഭാഗമാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ തമിഴില്‍ തനിക്ക് വരുന്ന സിനിമകള്‍ കുറവാണെന്ന് പറയുകയാണ് നിഖില വിമല്‍. വരുന്നതില്‍ നല്ല സിനിമകള്‍ തെരഞ്ഞെടുത്ത് ചെയ്യാറാണ് പതിവെന്നും അവര്‍ പറയുന്നു. കഥകള്‍ താന്‍ സിനിമാ ഷൂട്ടിങ്ങിന്റെ ഇടയില്‍ കേള്‍ക്കാറില്ലെന്നും വീട്ടിലോ കോഫി ഷോപ്പിലോ ഇരുന്നാണ് കഥകള്‍ കൂടുതലായും കേള്‍ക്കുന്നതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. നക്കീരന്‍ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.
‘തമിഴില്‍ നിന്ന് എനിക്ക് അത്രയും സിനിമകള്‍ വരാറില്ല. വളരെ കുറച്ച് സിനിമകള്‍ മാത്രമേ വരാറുള്ളൂ. എന്റെ അടുത്ത് വരുന്നതില്‍ നല്ല സിനിമകള്‍ നോക്കി ചെയ്യാറാണ് പതിവ്.
ആളുകള്‍ കഥ പറയാന്‍ വരുകയാണെങ്കില്‍ ഷൂട്ടിങ് ഉള്ള സമയത്ത് പരമാവധി കേള്‍ക്കാറില്ല. ലൊക്കേഷനില്‍ നിന്ന് കഥ കേള്‍ക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല. അതുകൊണ്ടുതന്നെ ഷൂട്ടിങ് ഇല്ലാത്ത സമയത്താണ് കൂടുതലും കഥ കേള്‍ക്കാറുള്ളത്.
എന്റെ നാട്ടിലാണെങ്കില്‍ വീട്ടില്‍ വന്നോ അല്ലെങ്കില്‍ ഒരു കോഫി ഷോപ്പിലോ ഒക്കെ പോയാണ് കഥ കേള്‍ക്കുക. തമിഴ് സിനിമകളില്‍ ആണെങ്കില്‍ പലപ്പോഴും ഫോണ്‍ വിളിച്ചാണ് അവര്‍ കഥ പറയുക. പക്ഷെ പോര്‍ തൊഴില്‍ എന്ന് പറഞ്ഞ സിനിമയുടെ കഥയെല്ലാം അവര്‍ വീട്ടില്‍ വന്നാണ് പറഞ്ഞിട്ടുള്ളത്,’ നിഖില വിമല്‍ പറയുന്നു.
Content Highlight: Nikhila Vimal Talks She Get Only Limited Films From Tamil Film Industry