സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായ ഭാഗ്യദേവതയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന അഭിനേത്രിയാണ് നിഖില വിമല്‍. ബാലതാരമായി കടന്നുവന്ന് പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികയായി ഉയരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിരക്കുള്ള നായികയാണ് നിഖില വിമല്‍.
2016ല്‍ പുറത്തിറങ്ങിയ വെട്രിവേല്‍ ആണ് നിഖില വിമലിന്റെ ആദ്യ തമിഴ് ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ നിഖില തമിഴില്‍ അറിയപ്പെടുന്ന താരമായി. തുടര്‍ന്ന് കിടാരി, തമ്പി, പോര്‍ തൊഴില്‍, പഞ്ചുമിട്ടായി തുടങ്ങിയ ഒരുപിടി മികച്ച തമിഴ് ചിത്രങ്ങളുടെ ഭാഗമാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ തമിഴില്‍ തനിക്ക് വരുന്ന സിനിമകള്‍ കുറവാണെന്ന് പറയുകയാണ് നിഖില വിമല്‍. വരുന്നതില്‍ നല്ല സിനിമകള്‍ തെരഞ്ഞെടുത്ത് ചെയ്യാറാണ് പതിവെന്നും അവര്‍ പറയുന്നു. കഥകള്‍ താന്‍ സിനിമാ ഷൂട്ടിങ്ങിന്റെ ഇടയില്‍ കേള്‍ക്കാറില്ലെന്നും വീട്ടിലോ കോഫി ഷോപ്പിലോ ഇരുന്നാണ് കഥകള്‍ കൂടുതലായും കേള്‍ക്കുന്നതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. നക്കീരന്‍ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.