2009ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ ‘ഭാഗ്യദേവത’യിലൂടെയാണ് നിഖില തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ നിഖിലക്ക് സാധിച്ചിരുന്നു.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വാഴൈയില്‍ പ്രധാന വേഷത്തില്‍ നിഖില അഭിനയിച്ചിരുന്നു. ചിത്രത്തിലെ പൂങ്കൊടി എന്ന അധ്യാപികയായിട്ടാണ് നിഖില എത്തിയത്. മാരി സെല്‍വരാജിനോടപ്പം വര്‍ക്ക് ചെയ്യുമ്പോഴുള്ള അനുഭവം പങ്ക് വെക്കുകയാണ് നിഖില.
ഇതുവരെ ചെയ്ത സിനിമകളില്‍നിന്ന് വ്യത്യസ്തമായ, എന്നാല്‍ രസകരമായ അനുഭവമായിരുന്നു വാഴൈയില്‍ അഭിനയിച്ചപ്പോഴുണ്ടായതെന്നും സാധാരണ ചെയ്യുന്ന സിനിമകള്‍പോലെ വളരെ സുഖമായി എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നതല്ല അതെന്നും നന്നായി പണിയെടുക്കേണ്ടി വരുമെന്നും നിഖില പറയുന്നു.
ചിത്രീകരണത്തിന് മാരി സെല്‍വരാജിന് അദ്ദേഹത്തിന്റേതായ രീതിയുണ്ടെന്നും നന്നായി പണി എടുത്താല്‍ മാത്രമേ ആ രീതിയില്‍ ചെയ്യാന്‍ പറ്റുകയൊള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു നിഖില വിമല്‍.
‘ഇതുവരെ ചെയ്ത സിനിമകളില്‍നിന്ന് വ്യത്യസ്തമായ, എന്നാല്‍ രസകരമായ അനുഭവമായിരുന്നു വാഴൈയില്‍ അഭിനയിച്ചപ്പോഴുണ്ടായത്. സാധാരണ ചെയ്യുന്ന സിനിമകള്‍പോലെ വളരെ സുഖമായി എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നതല്ല. ചിത്രീകരണത്തിലെല്ലാം മാരി സെല്‍വരാജിന് അദ്ദേഹത്തിന്റേതായ രീതിയുണ്ട്. നന്നായി പണിയെടുത്താല്‍മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളൂ,’ നിഖില വിമല്‍ പറയുന്നു.
തനിക്ക് കൂടുതല്‍ വരുന്നത് റൊമാന്‍സും ഫീല്‍ ഗുഡ് സിനിമകളുമാണെന്നും ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് നെഗറ്റീവ് ഷെഡ് ഉണ്ടായിരുന്നെന്നും നിഖില പറയുന്നു. ത്രില്ലര്‍ സിനിമകള്‍ വരുന്നത് കുറവാണെന്നും ഇനി വരാന്‍ പോകുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബി സാമൂഹ്യ വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘വരുന്ന സിനിമകളില്‍ നിന്നാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ വരുന്നത് റൊമാന്‍സ്, ഫീല്‍ ഗുഡ് എന്നിങ്ങനെയുള്ള സന്തോഷകരമായ കഥാപാത്രങ്ങളാണ്. ജോ ആന്‍ഡ് ജോ ഫാമിലി സിനിമയായിരുന്നു, ഗുരുവായൂരമ്പല നടയില്‍ കോമഡി സ്വഭാവത്തിലായിരുന്നു. എന്റെ കഥാപാത്രത്തിന് നെഗറ്റീവ് ഷെയ്ഡും ഉണ്ടായിരുന്നു.
ത്രില്ലര്‍ സിനിമകള്‍ ചെയ്തിട്ട് കുറച്ചായി. നേരത്തെ പോര്‍ തൊഴില്‍, ദി പ്രിസ്റ്റ് ഒക്കെ ചെയ്തിരുന്നു. വരാനിരിക്കുന്ന ഗെറ്റ് സെറ്റ് ബേബി സാമൂഹ്യ വിഷയമാണ് കൈകാര്യം ചെയ്യുന്നത്,’ നിഖില വിമല്‍ പറയുന്നു.
Content Highlight: Nikhila Vimal Talks About Working With Mari Selvaraj