| Wednesday, 18th September 2024, 5:17 pm

അമ്മ സംഘടനയിലെ സ്ത്രീ പ്രാതിനിധ്യം; അങ്ങനെയൊരു ഓഫര്‍ വന്നാല്‍ ഞാനിപ്പോള്‍ സ്വീകരിക്കില്ല: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ‘അമ്മ’ പോലെയുള്ള സംഘടനയിലെ സ്ത്രീ പ്രാതിനിധ്യം കുറേനാളായി ചര്‍ച്ചയില്‍ ഉണ്ടായിരുന്ന കാര്യമായിരുന്നു. സംഘടനയുടെ ഉത്തരവാദിത്തമുള്ള സ്ഥാനത്ത് ഇരിക്കാന്‍ സാധിക്കുന്ന നായികമാരെ കുറിച്ചും ചര്‍ച്ചകള്‍ വരാറുണ്ട്. പലപ്പോഴും അത്തരം ചര്‍ച്ചകളില്‍ വരുന്ന ഒരു പേരാണ് നിഖില വിമല്‍.

സിനിമാ സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം ആവശ്യമായ സ്ഥലങ്ങളില്‍ നിഖിലയെ പോലെ റിയാക്ട് ചെയ്യുന്ന അല്ലെങ്കില്‍ എല്ലാം വെട്ടിതുറന്നു പറയുന്ന ആളുകള്‍ വേണമെന്ന കമന്റുകള്‍ ഉയരാറുണ്ട്. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് നിഖില. സ്‌കൈലാര്‍ക്ക് പിക്‌ച്ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘അങ്ങനെയൊരു ഓഫര്‍ വന്നാല്‍ ഞാന്‍ സ്വീകരിക്കില്ല. അത് വളരെ ഉത്തരവാദിത്തമുള്ള പൊസിഷനാണ്. നമ്മള്‍ പുറത്ത് നിന്ന് കാണുന്നത് പോലെയേ അല്ല. ആളുകള് വിചാരിക്കുന്നത് പോലെ ഒരു പണിയും ഇല്ലാത്തവരല്ല അവിടെ ഈ പൊസിഷനില്‍ ഇരിക്കുന്നത്.

അവര്‍ക്കൊക്കെ നിരന്തരം ജോലി ചെയ്യാനുണ്ടാകും. നിങ്ങള്‍ ഓഫീസ് വര്‍ക്ക് ചെയ്യുന്നത് പോലെ പോയിരുന്ന് ചെയ്യേണ്ട ജോലിയാണ്. ഒരു അസോസിയേഷനിലെ കമ്മിറ്റിയില്‍ ഉണ്ടെങ്കില്‍ ചെയ്യേണ്ട ജോലി അത്തരത്തിലാണ്.

അത്രയും ജോലി ചെയ്യാനുള്ള ഒരു സ്‌പേസില്‍ അല്ല ഞാനിപ്പോള്‍ നില്‍ക്കുന്നത്. സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയാണ്. അത് ചെയ്യുകയെന്നത് മാത്രമാണ് എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുന്നത്. പിന്നെ എന്തെങ്കിലും കാര്യത്തില്‍ എന്റെ അഭിപ്രായം ചോദിച്ചാല്‍, തീര്‍ച്ചയായും ഞാന്‍ അഭിപ്രായം പറയും.

അതല്ലാതെ ഒരു പൊസിഷന്‍ ഏറ്റെടുത്ത് ചെയ്യാന്‍ മാത്രമുള്ള സ്‌പേസില്‍ ഞാന്‍ ഇപ്പോള്‍ ഇല്ല. നാളെത്തെ കാര്യം എനിക്ക് അറിയില്ല. ഇന്നലെയല്ലേ അവള്‍ ഇല്ലെന്ന് പറഞ്ഞതെന്ന് ചോദിച്ചാല്‍ കാര്യമില്ല,’ നിഖില വിമല്‍ പറഞ്ഞു.


Content Highlight: Nikhila Vimal Talks About Women’s Representation In Amma Organization

We use cookies to give you the best possible experience. Learn more