ഈ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണ് വാഴൈ. മാരി സെല്‍വരാജ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 1999ല്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സംവിധായകന്‍ വാഴൈ ഒരുക്കിയത്. സിനിമയില്‍ നായികയായി എത്തിയത് മലയാളിയായ നിഖില വിമല്‍ ആയിരുന്നു.
പൂങ്കൊടി എന്ന ഒരു ടീച്ചറായാണ് നിഖില വാഴൈയില്‍ അഭിനയിച്ചത്. നടിയുടെ ഈ സിനിമയിലെ പ്രകടനത്തെ പലരും അഭിനന്ദിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ വാഴൈയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നിഖില. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘വാഴൈ എന്ന സിനിമയെ സംബന്ധിച്ച് അതില്‍ എന്റേത് ഒരു റിയല്‍ ലൈഫ് ക്യാരക്ടറാണ്. പക്ഷെ നമുക്ക് അറിയുന്നത് പോലെ വളരെ പോപ്പുലറായ ഒരു റിയല്‍ ലൈഫ് ക്യാരക്ടറല്ല. അങ്ങനെയൊരു ടീച്ചര്‍ യഥാര്‍ത്ഥത്തില്‍ ഉണ്ട്. അവരെ മാരി സെല്‍വരാജ് സാറിന് മാത്രമേ അറിയുകയുള്ളൂ.
അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഒരു കഥാപാത്രമാണ് ടീച്ചറിന്റേത്. അപ്പോള്‍ മാരി സാറിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ആ കഥാപാത്രത്തെ എനിക്ക് എവിടെയും അന്വേഷിച്ചാല്‍ കിട്ടില്ല. അത് അദ്ദേഹത്തോട് മാത്രമേ അന്വേഷിക്കാന്‍ പറ്റുള്ളു.
മാരി സാറിന് ആ കഥാപാത്രത്തെ എങ്ങനെയാണ് വേണ്ടതെന്ന കാര്യം മാത്രമാണ് ഞാന്‍ നോക്കിയത്. അതിന് വേണ്ടി അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹത്തില്‍ നിന്ന് ആ കഥാപാത്രത്തിന്റെ റെഫറന്‍സുകള്‍ ചോദിച്ചറിഞ്ഞു. സാറിന് വേണ്ടത് കൊടുക്കുകയാണ് ചെയ്തത്.
പ്രീസ്റ്റ് സിനിമയില്‍ ഞാന്‍ ചെയ്തത് ഒരു ടീച്ചറിന്റെ കഥാപാത്രം തന്നെയായിരുന്നു. ഏകദേശം വാഴൈയില്‍ ഉള്ളത് പോലെ വളരെ സ്വീറ്റായ സ്വഭാവമുള്ള ടീച്ചറായിരുന്നു അതിലും ഉണ്ടായിരുന്നത്. പക്ഷെ ഗെറ്റപ്പില്‍ വ്യത്യാസമുണ്ടായിരുന്നു, കഥ പറയുന്ന സന്ദര്‍ഭത്തിലും വ്യത്യാസം വന്നു,’ നിഖില വിമല്‍ പറഞ്ഞു.
Content Highlight: Nikhila Vimal Talks About Vaazhai Movie And Mari Selvaraj