മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമല്‍. 2009ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ ‘ഭാഗ്യദേവത’യിലൂടെയാണ് നിഖില തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ നിഖിലക്ക് സാധിച്ചിരുന്നു. ചില തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഒരുപാട് ആളുകള്‍ തന്നോട് എന്തുകൊണ്ടാണ് ഗ്ലാമര്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ചെയ്യാത്തതെന്ന് ചോദിക്കാറുണ്ടെന്ന് പറയുകയാണ് നിഖില വിമല്‍. മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു സിനിമ ചെയ്യാന്‍ നിന്നാല്‍ അവര്‍ക്കൊക്കെ ഇഷ്ടമാകുമോയെന്ന് ചിന്തിക്കേണ്ടി വരുമെന്നും നിഖില പറഞ്ഞു. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഒരുപാട് ആളുകള്‍ എന്തുകൊണ്ടാണ് ഗ്ലാമര്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ചെയ്യാത്തത് എന്ന് ചോദിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ മറുപടിയായി പറയാറുള്ളത് ‘നിങ്ങള്‍ ഗ്ലാമറെന്ന് പറയുന്നത് ചിലപ്പോള്‍ ഞങ്ങള്‍ക്ക് ഗ്ലാമറായി തോന്നണമെന്നില്ല. നിങ്ങള്‍ മോഡേണ്‍ എന്ന് പറയുന്നത് എനിക്ക് മോഡേണ്‍ ആകണമെന്നില്ല’ എന്നാണ്.
നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു സിനിമ ചെയ്യാന്‍ നിന്നാല്‍ അവര്‍ക്കൊക്കെ ഇഷ്ടമാകുമോയെന്ന് ചിന്തിക്കേണ്ടി വരും. നമ്മള്‍ നമുക്ക് ഇഷ്ടമുള്ള സിനിമകളും ചെയ്യണം. ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തു. അതില്‍ ചിലത് ആ സംവിധായകന് വേണ്ടിയാണ് ചെയ്തത്. നമുക്ക് പരിചയമുള്ളവര്‍ വന്ന് പറഞ്ഞത് കൊണ്ട് മാത്രം ചെയ്ത സിനിമയുമുണ്ട്.
പക്ഷെ എന്നെങ്കിലും നമുക്ക് ചെയ്യാന്‍ ഇഷ്ടമുള്ള സിനിമകള്‍ കണ്ടെത്തി ചെയ്യാന്‍ സാധിക്കണം. അങ്ങനെ ചെയ്താല്‍ ഇവള്‍ എന്തിനാണ് ആ സിനിമ ചെയ്തതെന്ന ചോദ്യം കേള്‍ക്കാം. എനിക്ക് എപ്പോഴും ഹോംലി ഗേള്‍ എന്നൊരു പേരുണ്ട്. ഹോംലി ഗേള്‍ ആയാലുള്ള പ്രശ്‌നം അവള്‍ക്ക് സംസാരിക്കാന്‍ പാടില്ല എന്നാണ് എല്ലാവരും പറയുക.
എന്തിനാണ് ആ കാര്യം പറഞ്ഞത്, എന്തിനാണ് അങ്ങനെ പറഞ്ഞത് എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ട്. ഞാന്‍ മലയാളത്തില്‍ നിന്ന് വരുന്നത് കൊണ്ട് എന്റെ അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ പറയാറുണ്ട്. ഉടനെ ‘ആ പെണ്ണ് ഇത്രനാള്‍ പാവമായിരുന്നില്ലേ’ എന്നാണ് പറയാറുള്ളത്. ഹീറോയിന്‍സ് പൊതുവെ അഭിപ്രായം പറയരുതെന്ന ചിന്തയാണ് അവര്‍ക്കൊക്കെ,’ നിഖില വിമല്‍ പറഞ്ഞു.
Content Highlight: Nikhila Vimal Talks About The Questions That People Ask Her