അന്ന് സിനിമയിലെ ഡയലോഗ് പറയാനാവാതെ ഞാന്‍ സെറ്റിലിരുന്ന് കരഞ്ഞു: നിഖില വിമല്‍
Entertainment
അന്ന് സിനിമയിലെ ഡയലോഗ് പറയാനാവാതെ ഞാന്‍ സെറ്റിലിരുന്ന് കരഞ്ഞു: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th September 2024, 12:23 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. 2009ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ ‘ഭാഗ്യദേവത’യിലൂടെയാണ് നിഖില തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ നിഖിലക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ താന്‍ തമിഴ് പഠിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് നടി. സ്‌കൈലാര്‍ക് പിക്‌ച്ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍.

‘എന്റെ ആവശ്യത്തിന് വേണ്ടിയാണ് ഞാന്‍ തമിഴ് പഠിച്ചത്. തുടക്കത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന സമയത്ത് നമുക്ക് സ്‌ക്രിപ്റ്റ് തരില്ലായിരുന്നു. പകരം ഡയലോഗിന്റെ മലയാളം ട്രാന്‍സ്‌ലേഷനാണ് തരിക. ഭാഷ അറിയാത്തത് കൊണ്ട് നമ്മള്‍ ഇത് കാണാതെ പഠിക്കേണ്ടി വരും.

പക്ഷെ അങ്ങനെ കാണാതെ പഠിച്ച് ചെല്ലുമ്പോള്‍ അതിന്റെ അകത്ത് നിന്ന് രണ്ട് വാക്കുകള്‍ കട്ട് ചെയ്യും. പകരം രണ്ട് വാക്കുകള്‍ ആഡ് ചെയ്യും. അങ്ങനെ വരുമ്പോള്‍ അത് നമുക്ക് വളരെ ബുദ്ധിമുട്ടാകും. ഇത് പറയാന്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് ഞാന്‍ സെറ്റിലിരുന്ന് കരഞ്ഞിട്ടൊക്കെയുണ്ട്.

നമ്മള്‍ രാത്രി മുഴുവന്‍ ഇരുന്ന് കാണാതെ പഠിച്ചിട്ട് പോകുന്നതാണല്ലോ. പിന്നെ പിന്നെയാണ് മറ്റുള്ളവര്‍ക്ക് പെട്ടെന്ന് നടക്കുന്ന ഒരു കാര്യം എനിക്ക് സ്ലോലി നടക്കുന്ന പ്രോസസാണെന്ന് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയാണ് ഞാന്‍ എങ്കില്‍ പിന്നെ തമിഴ് പഠിച്ചേക്കാമെന്ന് തീരുമാനിക്കുന്നത്. പഠിച്ചു വന്നപ്പോള്‍ തമിഴ് എഴുതാനും വായിക്കാനും ഒരുപോലെ പഠിക്കാന്‍ സാധിച്ചു.

പിന്നെ ആ സമയത്ത് ഞാന്‍ എല്ലാ ദിവസവും ഏതെങ്കിലും ഒരു തമിഴ് ഫ്രണ്ടിന്റെയടുത്ത് സംസാരിക്കുമായിരുന്നു. തമിഴ് ഇമ്പ്രൂവാകാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. ഞാന്‍ പറയുന്ന പൊട്ട തമിഴൊക്കെ അവര് കേട്ടു. അവര് പറയുന്നത് ഞാനും കേട്ടു. അവസാനം തമിഴ് പഠിച്ചു,’ നിഖില വിമല്‍ പറഞ്ഞു.


Content Highlight: Nikhila Vimal Talks About Tamil Movies