| Monday, 19th August 2024, 12:15 pm

ആ നടന്റെ നാണം കണ്ട് എനിക്ക് ചിരിവന്നു; റൊമാന്റിക്കായ പാട്ട് ചെയ്യുമ്പോള്‍ അയാള്‍ നാണക്കാരന്‍: നിഖില

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രസാത് മുരുകേശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2016ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍-മിസ്റ്ററി ചിത്രമാണ് കിഡാരി. ശശികുമാര്‍ നായകനായ സിനിമയില്‍ നിഖില വിമലായിരുന്നു നായികയായി എത്തിയത്. കിഡാരിയില്‍ നെപ്പോളിയന്‍, വേല രാമമൂര്‍ത്തി, സുജ വരുണി, ഒ.എ.കെ. സുന്ദര്‍, ഹരീഷ് പേരടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഇപ്പോള്‍ ശശികുമാറിനെ കുറിച്ച് പറയുകയാണ് നടി നിഖില വിമല. സിനിമയിലെ ‘നെഞ്ചുക്കുള്ള നിന്നു കിട്ടു’ എന്ന പാട്ട് തനിക്ക് നോര്‍മല്‍ ലവ് സോങ് ഷൂട്ട് ചെയ്യുന്നത് പോലെയായിരുന്നു ഉണ്ടായിരുന്നത് എന്നാണ് നിഖില പറയുന്നത്. ശശികുമാറിന് റൊമാന്റിക് സോങ്ങായത് കാരണം അത് ഷൂട്ട് ചെയ്യാന്‍ നാണം ഉണ്ടായിരുന്നുവെന്നും നടി പറയുന്നു. ലിറ്റില്‍ ടോക്ക്‌സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍.

‘ആ പാട്ട് എനിക്ക് നോര്‍മല്‍ ലവ് സോങ് ഷൂട്ട് ചെയ്യുന്നത് പോലെയായിരുന്നു ഉണ്ടായിരുന്നത്. ശശികുമാര്‍ സാറിന്റെ കൂടെയായിരുന്നു ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്. അദ്ദേഹമാണെങ്കില്‍ റൊമാന്റിക്കായ പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ വലിയ നാണക്കാരനാണ്.

അദ്ദേഹത്തിന്റെ ആ നാണം കണ്ട് എനിക്ക് പലപ്പോഴും ചിരി വരും. പിന്നെ ഞാന്‍ അതില്‍ കൊടുക്കുന്ന റിയാക്ഷന്‍സ് ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ചിരി വരും. എനിക്ക് ചമ്മല് തോന്നാറില്ല, പലപ്പോഴും ചിരിയാണ് വരിക,’ നിഖില വിമല്‍ പറഞ്ഞു.

കിഡാരി എന്ന ഈ സിനിമയില്‍ ദര്‍ബുക ശിവയാണ് സംഗീതം നല്‍കിയത്. ചിത്രത്തിലെ മിക്ക പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ ‘കിഡാരിയേ’ എന്നുള്ള പാട്ടാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും അത് വളരെ സ്‌പെഷ്യലാണെന്നും നിഖില പറയുന്നു.

‘ഈ സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള പാട്ട് ‘കിഡാരിയേ’ എന്നുള്ള പാട്ടാണ്. അത് എനിക്ക് വളരെ സ്‌പെഷ്യലാണ്. കാരണം അതില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് വണ്ടിയോടിക്കാന്‍ അറിയില്ലായിരുന്നു. വണ്ടിയോടിക്കാന്‍ പഠിക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു. വീട്ടില്‍ ഞാന്‍ ആക്റ്റീവയിലാണ് ഓടിച്ച് പഠിച്ചത്.

പക്ഷെ സിനിമയില്‍ ടി.വി.എസ്. 50 ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ലൊക്കേഷനില്‍ വന്നാല്‍ രാവിലെയും രാത്രിയും വണ്ടി ഓടിച്ച് പ്രാക്ടീസ് ചെയ്യുമായിരുന്നു. ആ പാട്ടില്‍ വണ്ടിയോടിക്കുന്ന സീന്‍ ഇന്നും എനിക്ക് ഓര്‍മയുണ്ട്. കൂടെ വേറെ ആരും ഉണ്ടായിരുന്നില്ല.

ക്യാമറാമാന്‍ വളരെ ദൂരെയാണ് ഉണ്ടാവുക. കൂടെ മറ്റൊരു വണ്ടിയില്‍ ശശികുമാര്‍ സാര്‍ ഉണ്ടായിരുന്നു. സാര്‍ ഒരു കൈ വെച്ചൊക്കെ വണ്ടി ഓടിച്ചിരുന്നു. ഞാന്‍ രണ്ട് കൈ വെച്ച് ഓടിക്കുന്നതേ ഏറെ കഷ്ടപ്പെട്ടിട്ടാണ്,’ നിഖില വിമല്‍ പറഞ്ഞു.


Content Highlight: Nikhila Vimal Talks About Tamil Actor Sasikumar

We use cookies to give you the best possible experience. Learn more