| Saturday, 1st July 2023, 8:30 am

എം.എക്ക് ജോയിന്‍ ചെയ്തു, പക്ഷേ അവര്‍ അറ്റന്‍ഡന്‍സ് തരില്ലെന്ന് പറഞ്ഞ് പ്രശ്‌നം വന്നു: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമക്കൊപ്പം പഠിത്തവും മുന്നോട്ട് കൊണ്ടുപോയതിനെ പറ്റി സംസാരിക്കുകയാണ് നിഖില വിമല്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ എല്ലാ ദിവസവും സ്‌കൂളില്‍ പോകുന്ന ആളായിരുന്നില്ലെന്നും പരീക്ഷ വരുന്ന സമയത്തായിരുന്നു പഠിച്ചിരുന്നതെന്നും നിഖില പറഞ്ഞു. ബി.എസ്.സി കഴിഞ്ഞ് എം.എക്ക് ചേരാന്‍ പോയിരുന്നുവെങ്കിലും അറ്റന്‍ഡന്‍സിന്റെ കാര്യത്തില്‍ പ്രശ്‌നം വരുമെന്ന് കോളേജ് അധികൃതര്‍ ആശങ്കപ്പെട്ടിരുന്നുവെന്നും റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിഖില പറഞ്ഞു.

‘ഡിഗ്രിക്ക് ബി.എസ്.സി ബോട്ടണി ആണ് പഠിച്ചത്. അത് വെച്ച് ജോലിക്കൊന്നും അപ്ലൈ ചെയ്തില്ല. ബി.എസ്.സി കഴിഞ്ഞ് എം.എസ്.സിക്ക് ജോയിന്‍ ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ സിനിമയും അതും ഒരിക്കലും നടക്കില്ലായിരുന്നു. പിന്നെ എം.എ. വിമണ്‍ സ്റ്റഡീസിന് ജോയിന്‍ ചെയ്തു. പക്ഷേ അവര്‍ അറ്റന്‍ഡന്‍സ് തരില്ലെന്ന് പറഞ്ഞ് പ്രശ്‌നം വന്നു. പഠിക്കുമോ ഉഴപ്പിപ്പോവുമോ എന്നായിരുന്നു അവരുടെ ചിന്ത.

പക്ഷേ ഞാന്‍ അഞ്ചാം ക്ലാസ് മുതല്‍ സ്‌കൂളില്‍ പോയി പഠിച്ച് പരീക്ഷ എഴുതിയ ആളൊന്നുമല്ല. എക്‌സാമിന്റെ സമയത്ത് പഠിച്ച് എല്ലാ വര്‍ഷവും പാസായിട്ടുണ്ട്. പാരലലി പഠിക്കാന്‍ പറ്റുമെന്ന് എനിക്ക് ഭയങ്കര ആത്മവിശ്വാസമായിരുന്നു. പക്ഷ റെഗുലര്‍ കോളേജായതുകൊണ്ട് അവര്‍ക്ക് പല റെസ്ട്രിക്ഷന്‍സ് ഉണ്ടായിരിക്കുമല്ലോ, അങ്ങനെ പഠിക്കാന്‍ പറ്റിയില്ല.

ഡിസ്റ്റന്റായി പഠിക്കാന്‍ എനിക്ക് വലിയ താല്‍പര്യമില്ലായിരുന്നു. പോകുവാണെങ്കില്‍ കോളേജില്‍ തന്നെ പോയി പഠിക്കണം. എല്‍.എല്‍.ബിക്ക് ജോയിന്‍ ചെയ്തിട്ടുണ്ട്. എന്താവുമോ എന്തോ,’ നിഖില പറഞ്ഞു.

പോര്‍തൊഴിലാണ് ഒടുവില്‍ റിലീസ് ചെയ്ത നിഖിലയുടെ ചിത്രം. നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ശരത് കുമാര്‍, അശോക് സെല്‍വന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. E4 എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. നസ്‌ലിന്‍ നായകനാവുന്ന 18+ ആണ് ഇനി ഉടന്‍ റിലീസിന് ഒരുങ്ങുന്ന നിഖിലയുടെ ചിത്രം.

Content Highlight: Nikhila Vimal talks about taking her studies forward along with films

We use cookies to give you the best possible experience. Learn more