| Friday, 17th May 2024, 4:42 pm

ഞാന്‍ ബോളിവുഡ്, നീയൊക്കെ വെറും ലോക്കലെന്ന് ബേസിലേട്ടന്‍; എനിക്ക് സ്ലോമോഷനുണ്ട്, തനിക്കുണ്ടോയെന്ന് ഞാനും: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഗുരുവായൂരമ്പല നടയിലും സംവിധാനം ചെയ്തത്.

ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് നിഖില വിമലും, അനശ്വര രാജനുമായിരുന്നു. ഇപ്പോള്‍ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ തനിക്ക് ലഭിച്ച സ്ലോമോഷന്‍ ഷോട്ടുകളെ കുറിച്ചും ബേസില്‍ ജോസഫിനെ കുറിച്ചും സംസാരിക്കുകയാണ് നിഖില.

പൃഥ്വിരാജിന് സിനിമയില്‍ സ്ലോമോഷന്‍ ഷോട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അപ്പോള്‍ കൂടെയുള്ള തനിക്കും ഈ സ്ലോമോഷന്‍ ഷോട്ടുകള്‍ ലഭിച്ചുവെന്നും പറയുകയാണ് താരം.

ബേസില്‍ ലൊക്കേഷനില്‍ സ്വയം ബോളിവുഡ് എന്നാണ് വിശേഷിപ്പിക്കുന്നതെന്നും നീയൊക്കെ വെറും ലോക്കലെന്ന് പറഞ്ഞ് കളിയാക്കാറുണ്ടെന്നും നിഖില അഭിമുഖത്തില്‍ പറയുന്നു. ആ സമയത്ത് സ്ലോമോഷനുണ്ടോ എന്ന് ചോദിച്ച് താന്‍ ബേസിലിനെ തിരിച്ചും കളിയാക്കുന്ന കാര്യം നിഖില പങ്കുവെച്ചു.

‘രാജുവേട്ടന് സിനിമയില്‍ കുറച്ച് സ്ലോമോഷന്‍ ഷോട്ടുകളുണ്ടായിരുന്നു. അപ്പോള്‍ വാഴ നനയുമ്പോള്‍ ചീര നനയുന്നത് പോലെ എനിക്കും ആ ഷോട്ടുകള്‍ കിട്ടിയിരുന്നു.

അതിനിടയില്‍ ബേസിലേട്ടന്‍ സ്വന്തമായി ബേസിലേട്ടനെ ബോളിവുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. ‘ഞാന്‍ ബോളിവുഡാണ്. നീയൊക്കെ വെറും ലോക്കല്‍. നീ വിപിന്‍ ദാസിന്റെ സിനിമയില്‍ അഭിനയിക്കുന്നു. ഞാന്‍ അങ്ങ് ബോളിവുഡിലാണ്’ എന്നൊക്കെയാണ് പുള്ളി പറയാറുള്ളത്.

അപ്പോള്‍ ഞാന്‍ ‘എനിക്ക് സ്ലോമോഷനുണ്ട്. തനിക്കുണ്ടോ സ്ലോമോഷന്‍. എന്തുകണ്ടാലും ഞെട്ടണം, ആരെ കണ്ടാലും ഞെട്ടണം’ അങ്ങനെയൊക്കെ പറഞ്ഞ് വെറുതെ ബേസിലേട്ടനെ കളിയാക്കുമായിരുന്നു,’ നിഖില വിമല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ എത്തിയത്. പിന്നാലെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ട്.

Content Highlight: Nikhila Vimal Talks About Slow Motion Shots And Basil Joseph

We use cookies to give you the best possible experience. Learn more