മലയാളത്തെ അഡള്‍ട്ട് കണ്ടന്റുള്ള സിനിമയായിട്ടാണ് കാണുന്നതെന്ന് അവരെന്നോട് പറഞ്ഞു: നിഖില വിമല്‍
Film News
മലയാളത്തെ അഡള്‍ട്ട് കണ്ടന്റുള്ള സിനിമയായിട്ടാണ് കാണുന്നതെന്ന് അവരെന്നോട് പറഞ്ഞു: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st October 2023, 6:44 pm

തമിഴ്-തെലുങ്ക് സിനിമകളില്‍ നായകന്‍ ഒരാളെ ഇടിച്ച് പറപ്പിച്ചാല്‍ മലയാളികള്‍ അത് സ്വീകരിക്കുമെന്നും മലയാളത്തില്‍ നായകന്‍ ഇങ്ങനെ ചെയ്താല്‍ ഒരു തമാശയായിട്ടാണ് കാണുകയെന്നും നടി നിഖില വിമല്‍. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു നിഖില.

താന്‍ തമിഴ് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മലയാളത്തെ അഡള്‍ട്ട് കണ്ടന്റുള്ള സിനിമകളായിട്ടാണ് കാണുന്നതെന്ന് തമിഴ് സിനിമയില്‍ പറയാറുണ്ടായിരുന്നെന്നും താരം പറയുന്നു.

പാന്‍ ഇന്ത്യന്‍ സിനിമയെന്ന് പറഞ്ഞ് ഒരു സിനിമയെടുക്കാന്‍ പറ്റില്ലെന്നും അതൊരു യൂണിവേഴ്‌സല്‍ സബ്‌ജെക്ടാവുമ്പോഴോ എല്ലാവര്‍ക്കും കണക്ടാവുമ്പോഴോ ആണ് പാന്‍ ഇന്ത്യന്‍ സിനിമയാകുന്നതെന്നും നിഖില കൂട്ടിചേര്‍ത്തു.

‘മലയാളി ഓഡിയന്‍സിന് തമിഴ് സിനിമകളിലും തെലുങ്ക് സിനിമകളിലും മാസ് എലമെന്റ്‌സ് കാണുന്നത് ഓക്കെയാണ്. അതേ എലമെന്റ്‌സ് മലയാളത്തില്‍ കൊണ്ടുവന്നാല്‍ അതവര്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റില്ല. തെലുങ്ക് നടന്‍ ഒരാളെ ഇടിച്ച് പറപ്പിച്ചു കളഞ്ഞാല്‍ ഓക്കെയാണ്.

എന്നാല്‍ മലയാളത്തില്‍ നായകന്‍ ഒരാളെ ഇടിച്ചു പറപ്പിച്ചാല്‍ അത് ഒരു തമാശയായിട്ടാണ് കാണുക. ഇവിടെ കേരളത്തിലുള്ള ഓഡിയന്‍സിന് വേണ്ടി അത്തരമൊരു സിനിമയെടുത്ത് വിജയിപ്പിക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ സംശയമാണ്.

ഓരോ സിനിമാ മേഖലകളിലും അവരുടെ സ്വന്തം റീജിയനിലെ സിനിമകള്‍ ആ റീജിയനല്‍ ബേസിസിലെടുത്താണ് സക്‌സസ്ഫുള്‍ ആകുന്നത്. ആ സിനിമകളാണ് പിന്നീട് പാന്‍ ഇന്ത്യന്‍ സിനിമകളാകുന്നത്.

പാന്‍ ഇന്ത്യന്‍ സിനിമയെന്ന് പറഞ്ഞ് നമുക്ക് ഒരു സിനിമയെടുക്കാന്‍ പറ്റില്ല. അതൊരു യൂണിവേഴ്‌സല്‍ സബ്‌ജെക്ടാവുമ്പോഴാണ്, അല്ലെങ്കില്‍ അതെല്ലാവര്‍ക്കും കണക്ടാവുമ്പോഴാണ് പാന്‍ ഇന്ത്യന്‍ സിനിമയാണെന്ന് പറയുന്നത്.

ആ സിനിമ ഇന്ത്യയില്‍ എല്ലാ ഭാഗങ്ങളിലും പോയി, അവിടെയുള്ള ആളുകളെല്ലാം കണ്ട് ഇഷ്ടപ്പെടുമ്പോഴാണ് അത് പാന്‍ ഇന്ത്യന്‍ സിനിമയെന്ന് പറയുന്നത്.

ഈ അടുത്ത കാലത്താണ് മലയാള സിനിമയെ ആളുകള്‍ കൂടുതല്‍ അംഗീകരിച്ചു തുടങ്ങുന്നത്. ഞാന്‍ കുറച്ച് വര്‍ഷം മുമ്പ് തമിഴ് സിനിമ ചെയ്യുന്ന സമയത്ത് മലയാളത്തെ അഡള്‍ട്ട് കണ്ടന്റ് ഉള്ള സിനിമകളായിട്ടാണ് ഞങ്ങള്‍ കാണുന്നത് എന്നവര്‍ പറയാറുണ്ടായിരുന്നു.

അപ്പോള്‍ അങ്ങനെയല്ല, അത്തരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ കണ്ടിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. ആ അവസ്ഥയില്‍ നിന്നും ഇന്ന് നമ്മുടെ സിനിമകള്‍ മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്ന രീതിയിലേക്ക് മാറി. ഒരു തരത്തില്‍ പറഞ്ഞു കഴിഞ്ഞാല്‍ അതൊരു പാന്‍ ഇന്ത്യന്‍ റീച്ചാണ്.

ആര്‍.ആര്‍.ആര്‍ എന്ന സിനിമയെടുത്തത് ബാഹുബലിയെന്ന സിനിമയുടെ വിജയത്തിന് പുറത്താണ്. ആ സിനിമ അങ്ങനെ പോയി എല്ലായിടത്തും റീച്ച് ആയപ്പോഴാണ് ആര്‍.ആര്‍.ആറിന് സാധ്യത വരുന്നത്,’ നിഖില വിമല്‍ പറയുന്നു.

Content Highlight: Nikhila Vimal Talks About Pan Indian Movies