| Tuesday, 17th September 2024, 9:21 am

മീഡിയക്ക് അതൊരു കണ്ടന്റ് മാത്രം; എന്റെ മറുപടി തഗ്ഗായി ട്രീറ്റ് ചെയ്യുന്നതില്‍ എനിക്കൊന്നും ചെയ്യാനില്ല: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. 2009ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ ‘ഭാഗ്യദേവത’യിലൂടെയാണ് നിഖില തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ നിഖിലക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കുന്ന അഭിമുഖങ്ങളെ കുറിച്ച് പറയുകയാണ് നടി. മീഡിയ ചോദിക്കുന്നതിനുള്ള ഉത്തരമാണ് തന്നില്‍ നിന്നും കിട്ടുന്നതെന്നാണ് നിഖില പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍.

‘നിങ്ങള്‍ ചോദിക്കുന്നതിനുള്ള ഉത്തരമാണ് എന്നില്‍ നിന്നും കിട്ടുന്നത്. നിങ്ങള്‍ പ്രത്യേകിച്ച് ഓണ്‍ലൈന്‍ മീഡിയ അവരുടെ കണ്ടന്റിനുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. അവര്‍ക്ക് ആവശ്യം കണ്ടന്റാണ്. അവര്‍ക്ക് വേണ്ടത് അതാണ് എന്നുള്ളത് കൊണ്ടാണ് അത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാകുന്നത്.

ഞാന്‍ വളരെ ഫണ്ണൊക്കെയുള്ള ആളാണ്. പക്ഷെ ഒരു സിനിമയുടെ പ്രൊമോഷനുമായി വരുമ്പോള്‍ ഞാന്‍ കൂടുതലും ആഗ്രഹിക്കുന്നത് ആ സിനിമയെ പറ്റി സംസാരിക്കാനാണ്. ഒരു ഓണ്‍ലൈന്‍ മീഡിയയുടെ ആളുകളും സിനിമയെ കുറിച്ച് ഒരുപാട് ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

അവര്‍ക്ക് ആവശ്യം റാപ്പിഡ് ഫയര്‍ റൗണ്ടുകളോ നമ്മള്‍ പറയുന്ന മണ്ടത്തരമോയാണ്. എന്നാല്‍ എനിക്ക് അതിന് നിന്നു കൊടുക്കാന്‍ തോന്നാറില്ല. അതെനിക്ക് ഇഷ്ടമുള്ള കാര്യമല്ല. മണ്ടന്‍ ഇമേജ് എനിക്ക് ഇഷ്ടമല്ല. അങ്ങനെയുള്ള ഇമേജ് പുറത്ത് വരുത്താന്‍ ഇഷ്ടമല്ല.

പിന്നെ ഒരു ക്യൂട്ട്‌നസിടുന്ന ഒരാളായിട്ട് നില്‍ക്കാന്‍ എനിക്ക് താത്പര്യമില്ല. ഒരു ചോദ്യത്തിന് ഉത്തരം അറിയില്ലെങ്കില്‍ ഞാന്‍ മണ്ടത്തരം പറയാന്‍ നില്‍ക്കില്ല. എനിക്ക് അറിയില്ലെങ്കില്‍ ഞാന്‍ അറിയാത്തത് പോലെ തന്നെയിരിക്കും. ഓഫ് ദ ക്യാമറയാണെങ്കില്‍ ഞാന്‍ ചിലപ്പോള്‍ അതിനെന്തെങ്കിലും ഒരു ഉത്തരം പറയാം.

ഓണ്‍ ദ ക്യാമറയില്‍ വരുമ്പോള്‍ ഓണ്‍ലൈന്‍ മീഡിയക്ക് അതൊരു കണ്ടന്റാണ്. അത് ഡോക്യുമെന്റ് ചെയ്യപ്പെടും. ആ കണ്ടന്റിലാണ് റീച്ച് കിട്ടുകയെന്ന് അറിയാവുന്നത് കൊണ്ട് അവര്‍ അത് പബ്ലിഷ് ചെയ്യും. അവസാനം ഒരു ആവശ്യം ഇല്ലാതെ ഞാനാകും അതില്‍ എഫക്ട്ഡ് ആകുക. എനിക്ക് അതില്‍ താത്പര്യമില്ല.

എനിക്ക് ഇപ്പോള്‍ കൃത്യമായി അറിയാവുന്ന ഒരു കാര്യമുണ്ട്, ഏത് ചോദ്യമാണ് മീഡിയ വളച്ചൊടിച്ച് ചോദിക്കുന്നത്. പലപ്പോഴും ഡയറക്ട് ക്വസ്റ്റിയന്‍സ് ഉണ്ടാകില്ല. നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എനിക്ക് ഇത്രയൊക്കെയേ ഉത്തരം പറയാന്‍ പറ്റുള്ളു.

പിന്നെ അവര്‍ ആഗ്രഹിക്കുന്ന ഉത്തരമാണ് വേണ്ടതെങ്കില്‍ അത് എന്റെ കൈയ്യില്‍ ഉണ്ടാകില്ല. അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്റെ സ്വഭാവമാണ്. ഞാന്‍ ഇതിലൊന്നും വളരെ കോണ്‍ഷ്യസല്ല. ഒന്നാമത് ഞാന്‍ പറയുന്നത് തഗ് അല്ല, ഞാന്‍ പറയുന്നത് മറുപടിയാണ്. തഗ് ആയിട്ട് ട്രീറ്റ് ചെയ്യപ്പെടുന്നതില്‍ എനി്‌ക്കൊന്നും ചെയ്യാന്‍ പറ്റില്ല,’ നിഖില വിമല്‍ പറഞ്ഞു.


Content Highlight: Nikhila Vimal Talks About Online Media’s Interview

We use cookies to give you the best possible experience. Learn more