മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് നടി തന്റെ സിനിമാജീവിതം ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചിട്ടുണ്ട്.
തമിഴില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റെന്ന നിലയിലും നടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മാരി സെല്‍വരാജിന്റെ രണ്ടാമത്തെ ചിത്രമായ കര്‍ണനില്‍ നായികയായ രജിഷ വിജയന് ഡബ്ബ് ചെയ്തത് നിഖിലയായിരുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ രജിഷക്ക് ഡബ്ബ് ചെയ്തത് എങ്ങനെയാണെന്ന് പറയുകയാണ് നിഖില. ഒപ്പം നിമിഷ സജയന് ഡബ്ബ് ചെയ്യാന്‍ പോയതിനെ കുറിച്ചും നടി പറയുന്നു.
‘ഒരു പ്രൊജക്ടിന് വേണ്ടി ഞാന്‍ മാരി സെല്‍വരാജ് സാറിനെ കാണാന്‍ പോയതായിരുന്നു. ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നാണ് അദ്ദേഹം എന്നെ കാണാന്‍ വേണ്ടി വന്നത്. അതേ ഡബ്ബിങ് സ്റ്റുഡിയോയില്‍ ഞാന്‍ മുമ്പ് ഡബ്ബ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എഞ്ചിനിയറിന് എന്നെ നല്ല പരിചയമുണ്ടായിരുന്നു.
ആ സമയത്ത് അവര്‍ രജിഷക്ക് വോയിസ് ചെയ്യാനുള്ള ആളെ തിരയുകയായിരുന്നു. അപ്പോള്‍ ആ എഞ്ചിനിയര്‍ എനിക്ക് നന്നായി ഡബ്ബ് ചെയ്യാന്‍ അറിയാമെന്ന് പറയുകയായിരുന്നു. സാര്‍ ഞാനുമായുള്ള മീറ്റിങ് കഴിഞ്ഞ് തിരികെ ഡബ്ബിങ് സ്റ്റുഡിയോയില്‍ ചെന്നപ്പോഴാണ് അദ്ദേഹം അത് പറഞ്ഞത്.
അങ്ങനെയാണ് എന്നെ വിളിക്കുന്നതും ഒന്നു ട്രൈ ചെയ്തു നോക്കാന്‍ ആവശ്യപ്പെടുന്നതും. ഞാന്‍ ഉടനെ തന്നെ ഓക്കെ പറഞ്ഞു. സ്റ്റുഡിയോയില്‍ ചെന്ന് ട്രൈ ചെയ്തു നോക്കി. എനിക്കാണേല്‍ പണ്ടു മുതല്‍ക്കേ ഡബ്ബ് ചെയ്യാന്‍ വളരെ ഇഷ്ടമാണ്. ഞാന്‍ ഡബ്ബിങ്ങിനുള്ള ടെസ്റ്റിനൊക്കെ പോയിരുന്നു.
നിമിഷക്ക് വേണ്ടിയുള്ള ഡബ്ബിങ്ങിനൊക്കെ ഞാന്‍ പോയിട്ടുണ്ട്. മാംഗല്യം തന്തുനാനേന എന്ന സിനിമക്ക് വേണ്ടിയായിരുന്നു നിമിഷക്ക് വേണ്ടി ഡബ്ബിങ്ങ് ടെസ്റ്റിന് പോയത്. പക്ഷെ ടെസ്റ്റ് ചെയ്തതിന് ശേഷം നിമിഷയുടെ സൗണ്ട് നല്ല രസമുണ്ട്, അത് തന്നെ വെക്കാമായിരുന്നില്ലേയെന്ന് ഞാന്‍ ചോദിച്ചു,’ നിഖില വിമല്‍ പറഞ്ഞു.
Content Highlight: Nikhila Vimal Talks About Nimisha Sajayan