ഈ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണ് വാഴൈ. മാരി സെല്‍വരാജ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 1999ല്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സംവിധായകന്‍ വാഴൈ ഒരുക്കിയത്.
ഈ സിനിമയില്‍ നായികയായി എത്തിയത് മലയാളിയായ നിഖില വിമല്‍ ആയിരുന്നു. പൂങ്കൊടി എന്ന ഒരു ടീച്ചറായാണ് നിഖില വാഴൈയില്‍ അഭിനയിച്ചത്. നടിയുടെ ഈ സിനിമയിലെ പ്രകടനത്തെ പലരും അഭിനന്ദിച്ചിട്ടുണ്ടായിരുന്നു.
വാഴൈ സിനിമക്ക് താന്‍ നന്ദി പറയേണ്ടത് സംവിധായകന്‍ മാരി സെല്‍വരാജിനോടാണെന്ന് പറയുകയാണ് നിഖില. അദ്ദേഹവുമായി താന്‍ ഒരുപാട് തവണ വഴക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തില്‍ നിന്ന് തനിക്ക് ഒരുപാട് ചീത്തവിളി കേട്ടിട്ടുണ്ടെന്നും നടി പറയുന്നു.
തമിഴിലെ ഈ വര്‍ഷത്തെ ‘അവള്‍ വികടന്റെ’ യൂത്ത് സ്റ്റാര്‍ അവാര്‍ഡ് വാങ്ങുന്നതിനിടയില്‍ സംസാരിക്കുകയായിരുന്നു നിഖില. താന്‍ മുമ്പും അത്തരം റോള്‍ ചെയ്തിട്ടുണ്ടെന്നും എന്നിട്ടും അതില്‍ നിന്നൊക്കെ വ്യത്യാസമായി വാഴൈയില്‍ അഭിനയിക്കാന്‍ സാധിച്ചത് സംവിധായകനില്‍ നിന്ന് വാങ്ങിയ ചീത്തവിളി കാരണമാണെന്നും നിഖില പറഞ്ഞു.
‘അവള്‍ വികടന്‍ അവാര്‍ഡ് ഒരുപാട് സ്‌പെഷ്യലാണ്. എന്റെ സംവിധായകരോടൊക്കെ ഞാന്‍ നന്ദി പറയുന്നു. പ്രത്യേകിച്ചും മാരി സാറിന് ഞാന്‍ നന്ദി പറയുകയാണ്. കാരണം അദ്ദേഹവുമായി ഞാന്‍ ഒരുപാട് തവണ വഴക്കുണ്ടായിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ നിറയെ ചീത്തവിളി കേട്ടിട്ടുണ്ട്.
എപ്പോഴും ആളുകള്‍ വാഴൈ സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്. ഞാന്‍ അതില്‍ വളരെ വ്യത്യാസമായി അഭിനയിച്ചിട്ടുണ്ടെന്നാണ് അവരൊക്കെ പറയാറുള്ളത്. ഞാന്‍ മുമ്പും പാവം അധ്യാപികയുടെ റോള്‍ ചെയ്തിട്ടുണ്ട്.
എന്നിട്ടും അതില്‍ നിന്നൊക്കെ വ്യത്യാസമായി എന്താണ് ഈ സിനിമയില്‍ ചെയ്തിട്ടുള്ളതെന്ന് ചോദിച്ചാല്‍, അത് ഞാന്‍ മാരി സാറില്‍ നിന്ന് വാങ്ങിയ ചീത്തവിളി കാരണം അഭിനയിച്ചു എന്നത് തന്നെയാണ്,’ നിഖില വിമല്‍ പറഞ്ഞു.
Content Highlight: Nikhila Vimal Talks About Mari Selvaraj And Vaazhai Movie