തന്റെ ഉള്ളില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് പറയുകയാണ് നിഖില വിമല്‍. ഒരാള്‍ക്ക് മറ്റൊരാളോട് സ്‌നേഹം ഉണ്ടാകുന്നത് പോലെത്തന്നെ പ്രധാനപ്പെട്ടതാണ് ഒരാള്‍ക്ക് രാഷ്ട്രീയമുണ്ടാകുക എന്നതെന്ന് നിഖില പറയുന്നു. പാര്‍ട്ടി പൊളിറ്റിക്സോ ജീവിതത്തോടുള്ള പൊളിറ്റിക്സോ അങ്ങനെ എന്തിനോടുമുള്ള രാഷ്ട്രീയം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് വിചാരിക്കുന്ന ആളാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവരുടെ രാഷ്ട്രീയത്തെ കുറിച്ചോര്‍ത്ത് ബോതര്‍ ചെയ്യുന്ന ആളല്ല താനെന്നും അതെല്ലാം ബോതര്‍ ചെയ്യുന്നത് മാധ്യമങ്ങളും, മാധ്യമങ്ങള്‍ കൊടുക്കുന്നത് അതുപോലെ വിശ്വസിക്കുന്ന ജനങ്ങളുമാണെന്നും, നിഖില പറയുന്നു.
വണ്‍ ടു ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നിഖില. അനുശ്രീയെയും നിഖിലയെയും സംഘി കമ്മി എന്ന് രണ്ട് തരത്തില്‍ മുദ്ര കുത്താറുണ്ടെന്നും എന്നാല്‍ ഇരുവരും ചേര്‍ന്നിരിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ സ്‌നേഹം മാത്രമേ ഉള്ളുവല്ലേ എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിഖില.
താനും അനുശ്രീയും പരസ്പരം കമ്മിയാണോ സംഘിയാണോ എന്നൊന്നും ചോദിക്കാറില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും പറഞ്ഞ നിഖില രാഷ്ട്രീയം അടിസ്ഥാനപരമായി ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും പറയുന്നു. കഥ ഇന്നുവരെ എന്ന ചിത്രത്തില്‍ അനുശ്രീയും നിഖിലയും ഒന്നിച്ചാണ് അഭിനയിക്കുന്നത്.
‘എന്റെ ഉള്ളില്‍ രാഷ്ട്രീയമുണ്ട്. ആര് പറഞ്ഞു എനിക്കതില്ലെന്ന്? ഒരു മനുഷ്യനായാല്‍ എല്ലാം വേണം. ഒരാള്‍ക്ക് മറ്റൊരാളോട് സ്‌നേഹം ഉണ്ടാകുക എന്ന് പറയുന്നത് പോലെത്തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഒരാള്‍ക്ക് രാഷ്ട്രീയമുണ്ടാകുക എന്നുള്ളത്.
അത് നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ പാര്‍ട്ടി പൊളിറ്റിക്‌സ് ആകാം, ജീവിതത്തോടുള്ള പൊളിറ്റിക്‌സ് ആകാം. അങ്ങനെ എന്തിനോടുമുള്ള രാഷ്ട്രീയം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. എന്റെ ഉള്ളില്‍ സ്‌നേഹം മാത്രം അല്ല.
എന്നെ സംബന്ധിച്ച് ഞങ്ങള്‍ ഇതിനെ പറ്റി ബോതര്‍ ചെയ്യുന്നില്ല. ഇത് ബോതര്‍ ചെയ്യുന്നത് നിങ്ങളെപ്പോലുള്ള മാധ്യമങ്ങളാണ്. മറ്റൊന്ന് നിങ്ങള്‍ ഫീഡ് ചെയ്ത് കൊടുക്കുന്നത് അതുപോലെ വിശ്വസിക്കുന്ന ജനങ്ങളാണ്.
ഞങ്ങള്‍ പരസ്പരം നീ ഒരു സംഘിയാണോ നീ ഒരു കമ്മിയാണോ എന്ന് ചോദിക്കാറില്ല. ഞങ്ങള്‍ക്കതിന്റെ ആവശ്യമില്ല. അടിസ്ഥാനപരമായി ഒരാളുടെ രാഷ്ട്രീയം അയാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അതങ്ങനെ തന്നെ ഉള്‍കൊള്ളാനും അംഗീകരിക്കാനും കഴിവുള്ള ആളുകളാണ് ഞങ്ങള്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ നിഖില വിമല്‍ പറയുന്നു.
Content Highlight: Nikhila Vimal Talks About Her Politics