സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായ ഭാഗ്യദേവതയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന അഭിനേത്രിയാണ് നിഖില വിമല്‍. ബാലതാരമായി കടന്നുവന്ന് പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികയായി ഉയരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിരക്കുള്ള നായികയാണ് നിഖില വിമല്‍.
എത്ര ശ്രമിച്ചാലും റൊമാന്‍സ് തന്റെ മുഖത്ത് വരാന്‍ ബുദ്ധിമുട്ടാണെന്ന് പറയുകയാണ് നിഖില. പാട്ടുകളെല്ലാം ഷൂട്ട് ചെയ്യുമ്പോള്‍ തന്റെ മുഖത്ത് എങ്ങനെയെങ്കിലും റൊമാന്‍സ് വരുത്താന്‍ കൊറിയോഗ്രാഫേഴ്‌സ് പറയുമെങ്കിലും ആ എക്‌സ്‌പ്രെഷന്‍ ഇടാന്‍ കഷ്ടപാടാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഷൂട്ടിങ് നടക്കുമ്പോള്‍ അടുത്തുള്ള ആരെങ്കിലും എന്തെങ്കിലും കോമഡി പറയും, അപ്പോള്‍ അത് കേട്ട് താന്‍ തല കുനിച്ച് ചിരിക്കുമെന്നും അങ്ങനെയാണ് അത്തരം സീനുകള്‍ എടുക്കുന്നതെന്നും ക്ലബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നിഖില പറയുന്നു.
‘എത്ര ശ്രമിച്ചാലും എന്റെ മുഖത്ത് വരാത്ത എക്‌സ്‌പ്രെഷന്‍ റൊമാന്‍സ് ആണെന്ന് തോന്നുന്നു. അത് മുഖത്ത് വരാന്‍ കുറച്ച് കഷ്ടപാടാണ്. പാട്ടൊക്കെ ഷൂട്ട് ചെയ്യാനാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്.
എന്നോട് എല്ലാ മാസ്റ്റേഴ്‌സും പറയും മുഖത്ത് കുറച്ച് റൊമാന്‍സ് കാണിക്ക്, ഒന്നില്ലേലും ആ താഴെ നോക്കി ചിരിക്ക് എന്നെങ്കിലും പറയും. പക്ഷെ എനിക്ക് അത് പറ്റാറില്ല. തമിഴിലൊക്കെ പോകുമ്പോഴാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്. അവരെന്നോട് പറയും വെക്കപ്പെട്, അങ്ങനെ നാണിക്കുന്ന എക്‌സ്‌പ്രെഷന്‍ ഇട് എന്നൊക്കെ. അപ്പോള്‍ ഞാന്‍ അവരോടു പറയും എന്നെ കൊണ്ട് പറ്റുന്ന പണിക്ക് വിളിച്ചാല്‍ പോരെയെന്ന്.
അവസാനം ആ ഷോട്ട് ഒക്കെ എടുക്കാന്‍ വേണ്ടിയിട്ട് അവരെന്തെലും കോമഡി പറയും അത് കേട്ടിട്ട് ഞാന്‍ തലതാഴ്ത്തി ഇരുന്ന് ചിരിക്കും. അങ്ങനെയാണ് എന്റെ ഒട്ടുമിക്ക റൊമാന്റിക് സീനുകളും എടുത്തിരിക്കുന്നത്,’ നിഖില വിമല്‍ പറയുന്നു.
Content Highlight: Nikhila Vimal Talks About Her Expression In Films