മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമല്‍. 2009ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ ‘ഭാഗ്യദേവത’യിലൂടെയാണ് നിഖില തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ നിഖിലക്ക് സാധിച്ചിരുന്നു. രണ്ട് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സിനിമകളിലെ തന്റെ ഗസ്റ്റ് റോളുകളെ കുറിച്ച് പറയുകയാണ് നിഖില വിമല്‍. ചില സിനിമകളില്‍ തനിക്ക് വലിയ റോള് ഉണ്ടാകണമെന്നില്ലെന്നും ചിലര്‍ ഗസ്റ്റ് റോളിനായി വിളിക്കാറുണ്ടെന്നും നടി പറയുന്നു. എന്തിനാണ് നിഖില ആ സിനിമ ചെയ്തതെന്ന് അറിയില്ലെന്ന് ചിലര്‍ പറയാറുണ്ടെന്നും എന്നാല്‍ തനിക്ക് അത്തരം സിനിമകള്‍ ചെയ്യാന്‍ വലിയ ഇഷ്ടമാണെന്നും നിഖില പറഞ്ഞു. ആദന്‍ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍.
‘ഈയിടെ ഞാന്‍ ചെയ്ത സിനിമകളൊക്കെ എനിക്ക് അറിയുന്ന ആളുകളുടെ കൂടെയാണ് ചെയ്തത്. അവരുടെ കൂടെ ഞാന്‍ മുമ്പ് വര്‍ക്ക് ചെയ്തിട്ടുണ്ടാകാം. അല്ലെങ്കില്‍ അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടാകാം. ചിലപ്പോള്‍ ആ സിനിമയില്‍ എനിക്ക് വലിയ റോള് ഉണ്ടാകണമെന്നില്ല. ചിലപ്പോള്‍ ഗസ്റ്റ് റോളിനാകും വിളിച്ചത്.
എന്റെ ചില സിനിമകള്‍ കണ്ടിട്ട് ‘എന്തിനാണ് നിഖില ആ സിനിമ ചെയ്തതെന്ന് അറിയില്ല’ എന്നൊക്കെ പറയുന്നത് കേള്‍ക്കാം. കാരണം ഞാന്‍ അതില്‍ ചിലപ്പോള്‍ ഗസ്റ്റ് റോളിലായിരിക്കും വന്നത്. അവര് അതിലേക്ക് വിളിക്കുന്നത് കൊണ്ടാണ് ഞാന്‍ പോകുന്നത്. എനിക്ക് അത്തരം സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണ്.
കാരണം അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് ലഭിക്കുന്ന അവസരം ഞാന്‍ മിസ് ചെയ്യാന്‍ പാടില്ല. അങ്ങനെ ഗസ്റ്റ് റോള്‍ അല്ലാതെയുള്ള സിനിമകള്‍ വരുമ്പോഴാണ് ഞാന്‍ കുറച്ച് കൂടെ മികച്ച സിനിമ വേണമെന്ന് ആഗ്രഹിക്കുന്നത്. എന്റെ ക്യാരക്ടറിന് പെര്‍ഫോം ചെയ്യാന്‍ ഉണ്ടാകണമെന്നും ആഗ്രഹിക്കും,’ നിഖില വിമല്‍ പറഞ്ഞു.
Content Highlight: Nikhila Vimal Talks About Her Cameo Roles