ഗുരുവായൂരമ്പല നടയില്‍; ഒരേ എക്‌സ്പ്രഷനാണെന്ന് പറഞ്ഞുള്ള വിമര്‍ശനം; അങ്ങനെ അഭിനയിക്കാന്‍ കാരണമുണ്ട്: നിഖില വിമല്‍
Entertainment
ഗുരുവായൂരമ്പല നടയില്‍; ഒരേ എക്‌സ്പ്രഷനാണെന്ന് പറഞ്ഞുള്ള വിമര്‍ശനം; അങ്ങനെ അഭിനയിക്കാന്‍ കാരണമുണ്ട്: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th August 2024, 1:16 pm

വിപിന്‍ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ പറഞ്ഞത്. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവര്‍ ഉള്‍പ്പെടെ വലിയ താരനിര തന്നെ സിനിമക്കായി ഒന്നിച്ചിരുന്നു.

ചിത്രത്തില്‍ നിഖിലയുടെ അഭിനയത്തെ കുറിച്ച് പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് നിഖില വിമല്‍. ലിറ്റില്‍ ടോക്ക്സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.

‘എനിക്ക് ആ സിനിമ വളരെ ചാലഞ്ചിങ്ങായിരുന്നു. കാരണം ഞാന്‍ ഒരുപാട് സംസാരിക്കുന്ന ഒരാളാണ്. കൂട്ടുക്കാരുടെ ഇടയിലാണെങ്കിലും സെറ്റിലാണെങ്കിലും ഒത്തിരി സംസാരിക്കുന്ന ആളാണ് ഞാന്‍. സെറ്റില്‍ ഞാന്‍ സംസാരിക്കുമ്പോള്‍ ‘സംസാരിച്ചോളു, ഇപ്പോഴല്ലേ സംസാരിക്കാന്‍ പറ്റുള്ളൂ. ആക്ഷന്‍ പറഞ്ഞാല്‍ പിന്നെ സംസാരിക്കാന്‍ പറ്റില്ലല്ലോ’ എന്നാണ് പറയാറുള്ളത്.

സ്‌ക്രിപ്റ്റ് തരുമ്പോള്‍ ‘ഇതില്‍ അങ്ങനെ ഒന്നും ഇല്ല. റിയാക്ഷന്‍ മാത്രം കൊടുത്താല്‍ മതിയാകും’ എന്നാണ് പറയുക. ഈ ഭാഗത്ത് ഞാന്‍ ഏത് റിയാക്ഷന്‍ കൊടുക്കണം എന്ന് ചോദിച്ചാല്‍ എപ്പോഴും റെഗുലര്‍ എന്നാണ് മറുപടി. റെഗുലര്‍ എന്നാല്‍ എന്താണെന്ന് ചോദിച്ചാല്‍ ‘റെഗുലര്‍ തന്നെ’യെന്നും പറയും.

എനിക്ക് പലപ്പോഴും സിനിമ പിന്നീട് കാണുമ്പോള്‍ ഞാന്‍ ഇങ്ങനെയാണോ ചെയ്തത് എന്ന ചിന്ത വരും. ഈ ഭാഗത്ത് ഞാന്‍ ഇത് ചെയ്യാന്‍ പാടില്ലല്ലോ എന്നൊക്കെ തോന്നും. എനിക്ക് ഗുരുവായൂരമ്പല നടയില്‍ ചെയ്തപ്പോള്‍ നിറയെ ക്രിട്ടിസിസം കേള്‍ക്കേണ്ടി വന്നിരുന്നു. ആ സിനിമയില്‍ വേറെ എക്‌സ്പ്രഷനൊന്നും കൊടുക്കാതെ ഒരേ എക്‌സ്പ്രഷനാണ് കൊടുത്തതെന്ന് പലരും പറഞ്ഞു.

എന്നാല്‍ ആ സംവിധായകന് അതായിരുന്നു വേണ്ടത്. അങ്ങനെ വേണമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ അത്തരത്തില്‍ അഭിനയിച്ചത്. ഞാന്‍ എപ്പോഴും അവരോട് പറയുന്ന ഒരു കാര്യമുണ്ട്, ‘ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ ഈ സിനിമ തീര്‍ന്നു പോകും. ഞാന്‍ സംസാരിക്കാത്തത് കൊണ്ടാണ് നിങ്ങള്‍ ക്ലൈമാക്‌സ് വരെ കൊണ്ടുപോയത്’ എന്ന് പറയും.

ക്ലൈമാക്‌സ് സീന്‍ 21 ദിവസമാണ് ഷൂട്ട് ചെയ്തത്. എന്നോട് അതില്‍ എനിക്ക് നാല് ദിവസം മാത്രമേയുള്ളു എന്ന് പറയും. ആ സമയത്ത് ഞാന്‍ ഉടനെ മറുപടി കൊടുക്കും, ‘ഞാന്‍ ഒന്നും പറയാത്തത് കൊണ്ടാണ് 21 ദിവസമൊക്കെ നിങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. അല്ലെങ്കില്‍ സിനിമ തുടങ്ങിയ ഉടനെ തന്നെ തീര്‍ന്നേനെ’. പക്ഷെ ഡയലോഗ് അധികമില്ലാതെ അഭിനയിക്കുന്നത് എനിക്ക് കുറച്ച് ചാലഞ്ചിങ് തന്നെയായിരുന്നു,’ വിമല നിഖില്‍ പറഞ്ഞു.


Content Highlight: Nikhila Vimal Talks About Guruvayoor Ambalanadayil Movie