പണിയൊന്നും ഇല്ലാതെ ഇരിക്കുകയാണെങ്കില്‍ ഒരു സിനിമയുണ്ട് ചെയ്യുന്നോ എന്ന് ചോദിച്ചു, അങ്ങനെ ചെയ്തതാണ് ആ ഹിറ്റ് ചിത്രം: നിഖില വിമല്‍
Entertainment
പണിയൊന്നും ഇല്ലാതെ ഇരിക്കുകയാണെങ്കില്‍ ഒരു സിനിമയുണ്ട് ചെയ്യുന്നോ എന്ന് ചോദിച്ചു, അങ്ങനെ ചെയ്തതാണ് ആ ഹിറ്റ് ചിത്രം: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th September 2024, 5:21 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് ഗുരുവായൂരമ്പലനടയില്‍. മുദ്ദുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. റിലീസ് ചെയ്ത് വെറും അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ കയറാന്‍ ഗുരുവായൂരമ്പലനടയിലിനായിരുന്നു.

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയായ പാര്‍വതി ആയാണ് നിഖില എത്തിയത്. ഈ ചിത്രത്തിന് ശേഷം അഴകിയ ലൈല എന്നും ആളുകള്‍ നിഖിലയെ വിളിക്കാറുണ്ട്.

പൃഥ്വിരാജിന്റെ കാലില്‍ പരിക്ക് പറ്റിയിരിക്കുന്ന സമയത്ത് ചെയ്ത ചിത്രമായിരുന്നു ഗുരുവായൂരമ്പലനടയില്‍ എന്ന് പറയുകയാണ് നിഖില വിമല്‍. പണിയൊന്നും ഇല്ലാതെ ചുമ്മാ ഇരിക്കുകയാണെങ്കില്‍ ഒരു സിനിമയുണ്ട് ചെയ്യാം എന്ന് പറഞ്ഞ് കോള്‍ വന്നെന്നും എന്നാല്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും നിഖില പറയുന്നു. ഒര്‍ജിനല്‍സ് എന്റര്‍ടൈന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.

‘ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമ ചെയ്യുന്നത് തന്നെ രാജു ഏട്ടന്റെ കാലിന് പരിക്ക് പറ്റി കുറച്ചു കാലം ബ്രേക്ക് വന്നപ്പോഴാണ്. രാജു ഏട്ടന്‍ ബ്രേക്ക് എടുത്തപ്പോള്‍ ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്.

അങ്ങനെ ഒരു ദിവസം ഹാരിസ്‌ക്ക എന്നെ വിളിച്ചിട്ട് പറഞ്ഞു, പണി ഒന്നും ഇല്ലാതെ വെറുതെ ഇരിക്കുകയാണെങ്കില്‍ ഒരു പടം ഉണ്ട് നമുക്ക് ചെയ്യാമെന്ന്. അപ്പോള്‍ ഞാന്‍ ആ വിട്ടോ നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ കഥയൊക്കെ പറഞ്ഞു ചെയ്ത സിനിമയാണ് ഗുരുവായൂരമ്പലനടയില്‍,’ നിഖില വിമല്‍ പറയുന്നു.

ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും നല്ല കാര്യം അനശ്വര രാജന്‍ ആണെന്നും, തനിക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ പറ്റുന്നൊരു അനിയത്തി കുട്ടിയാണ് അനശ്വരയെന്നും നിഖില വിമല്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

Content Highlight: Nikhila Vimal Talks About Guruvayoor Ambalanadayil