സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഭാഗ്യദേവത’. ജയറാം, കനിഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ നിഖില വിമലും അഭിനയിച്ചിരുന്നു. നിഖിലയുടെ ആദ്യ സിനിമയായിരുന്നു ഭാഗ്യദേവത.
അന്ന് എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയമായിരുന്നത് കൊണ്ട് തനിക്ക് ആ സിനിമയുടെ വാല്യു മനസിലായിരുന്നില്ല എന്ന് പറയുകയാണ് നിഖില വിമല്‍. എസ്.എസ്. മ്യൂസിക് എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
ഭാഗ്യദേവതക്ക് ശേഷം തന്നെ ‘എങ്കെയും എപ്പോതും’ എന്ന തമിഴ് സിനിമയിലേക്ക് വിളിച്ചതിനെ കുറിച്ചും നിഖില പറയുന്നു. എം. ശരവണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2011ല്‍ പുറത്തിറക്കിയ തമിഴ് ചിത്രമാണ് എങ്കയും എപ്പോതും. വലിയ ഹിറ്റായ ഈ ചിത്രത്തില്‍ താന്‍ അഭിനയിച്ചില്ലെന്നും പിന്നീട് പലരും തന്നെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തിയെന്നും നിഖില പറഞ്ഞു.
‘എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ സിനിമയില്‍ അഭിനയിച്ചത്. അന്ന് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത് വളരെ ലെജന്ററി ആയിട്ടുള്ള ആളുകളുടെ കൂടെയാണ്. കെ.പി.എ.സി. ലളിത, ഇന്നസെന്റ്, നെടുമുടി വേണു, അങ്ങനെയുള്ള ഒരുപാട് ആളുകള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു.
അതില്‍ അഭിനയിച്ച ഒരുപാട് ആളുകള്‍ ഇന്നില്ല. അന്ന് ആ സിനിമയുടെ വാല്യു എനിക്ക് മനസിലായിരുന്നില്ല. ചെറുപ്പമായത് കൊണ്ട് സിനിമയെ പറ്റി ഒന്നും അറിയില്ലായിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന താത്പര്യവും എനിക്ക് ഉണ്ടായിരുന്നില്ല. ആ സിനിമക്ക് ശേഷം എനിക്ക് തമിഴില്‍ നിന്ന് പോലും നിരവധി ഓഫറുകള്‍ വന്നു.
എനിക്ക് തമിഴില്‍ നിന്ന് വന്ന ആദ്യ ഓഫര്‍ ‘എങ്കെയും എപ്പോതും’ എന്ന സിനിമയില്‍ നിന്നാണ്. അന്ന് ആ സിനിമയുടെ ഓഡിഷന് പോയിട്ട് എനിക്ക് അഭിനയിക്കണ്ടെന്ന് പറഞ്ഞ് കരഞ്ഞിട്ടാണ് ഞാന്‍ തിരികെ പോകുന്നത്. അന്ന് ഞാന്‍ ഒമ്പതാം ക്ലാസിലോ പത്താം ക്ലാസിലോ മറ്റോയാണ് പഠിക്കുന്നത്.
ഞാന്‍ അഭിനയിച്ചാല്‍ നന്നാകുമെന്ന് അന്ന് അവരൊക്കെ പറഞ്ഞു. പക്ഷെ ഞാന്‍ എനിക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞ് സമ്മതിച്ചില്ല. ഓഡിഷനായിട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സാരി ഇട്ടിട്ട് നോക്കുകയും തമിഴ് ഡയലോഗ് തന്നാല്‍ പറയില്ലേയെന്ന് ചോദിക്കുകയും മാത്രമാണ് ചെയ്തത്. എന്നിട്ടും ഞാന്‍ ഈ സിനിമ പറ്റില്ലെന്ന് പറഞ്ഞ് കരഞ്ഞു.
പിന്നീട് ‘എങ്കേയും എപ്പോതും’ സിനിമ ഹിറ്റായതോടെ എല്ലാവരും എന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ഇത്രയും വലിയ ഹിറ്റ് പടം വന്നിട്ടും നീ ചെയ്തില്ലല്ലോയെന്ന് അവരൊക്കെ പറഞ്ഞു. ആ സമയത്ത് ‘അതിന് മാത്രം ഞാന്‍ എന്തുതെറ്റാണ് ചെയ്തത്’ എന്നാണ് ചിന്തിച്ചത്,’ നിഖില വിമല്‍ പറഞ്ഞു.
Content Highlight: Nikhila Vimal Talks About Engeyum Eppothum Movie