സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാരംഗത്തെത്തിയ ആളാണ് നിഖില വിമല്‍. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേ സമയം തിരക്കുള്ള നടിയായി മാറാനും നിഖിലയ്ക്ക് കഴിഞ്ഞു.
അഭിനയത്തിന് പുറമെ ഒന്ന് രണ്ടു സിനിമകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും നിഖില പ്രവര്‍ത്തിച്ചിട്ടുണ്ട്. ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണനിലെ നായിക രജിഷ വിജയനായിരുന്നു. ചിത്രത്തില്‍ രജിഷക്ക് വേണ്ടി തമിഴില്‍ ഡബ്ബ് ചെയ്തത് നിഖിലയായിരുന്നു. ആ ചിത്രത്തിന് ഡബ്ബ് ചെയ്യുന്നത് വരെ ഡബ്ബിങ് ചെയ്താല്‍ പൈസ കിട്ടുമെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് പറയുകയാണ് നിഖില.
മാരി സെല്‍വരാജാണ് തന്നോട് ഡബ്ബ് ചെയ്താല്‍ പൈസ കിട്ടുമെന്ന് പറഞ്ഞതെന്നും താന്‍ അഭിനയിക്കുമ്പോള്‍ ഡബ്ബ് ചെയ്യുന്നത് പോലെതന്നെയാണ് മറ്റുള്ളവര്‍ക്കും താന്‍ ഡബ്ബ് ചെയ്തതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.
‘എനിക്ക് അപ്പോള്‍ ഡബ്ബിങ് പൈസ വാങ്ങി ചെയ്യുന്ന കാര്യമാണെന്ന് അറിയില്ലായിരുന്നു. എന്റെ സിനിമക്കല്ലാതെ ഡബ്ബ് ചെയ്താല്‍ പൈസ കിട്ടും എന്ന കാര്യത്തെ കുറിച്ച് അന്ന് ഞാന്‍ അത്രക്കാലോച്ചില്ലായിരുന്നു. അതുവരെ ഒരു സിനിമക്കും ഡബ്ബ് ചെയ്തതിന് പൈസ വാങ്ങിയിട്ടില്ലായിരുന്നു.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണന്‍ സിനിമയില്‍ രജിഷക്ക് വേണ്ടി ശബ്ദം നല്‍കിയത് ഞാനായിരുന്നു. കര്‍ണന്റെ ഡബ്ബിങ് കഴിഞ്ഞതിന് ശേഷം മാരി സാര്‍ വിളിച്ചിട്ട് നീ ആണോ ഡബ്ബ് ചെയ്‌തേ എന്ന് ചോദിച്ചു. ഞാന്‍ അതെയെന്ന് പറഞ്ഞപ്പോള്‍ പൈസയെല്ലാം വാങ്ങിയില്ലേ എന്ന് ചോദിച്ചു. ഡബ്ബ് ചെയ്യുന്നതിന് പൈസ തരുമോ എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്.
പിന്നെ പൈസ വാങ്ങാതെയാണോ ഡബ്ബിങ് ആര്‍ട്ടിസ്റ്റെല്ലാം ജോലി എടുക്കുന്നതെന്നാണോ നീ വിചാരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അപ്പോഴാണ് എനിക്ക് ആ കാര്യം മനസിലാകുന്നത്. ഞാന്‍ അഭിനയിക്കുമ്പോള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത് പോലെതന്നെയാണ് വേറെ ഒരാള്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഡബ്ബ് ചെയ്തതും. അത് എന്റെ പ്രൊഫഷന്‍ അല്ലലോ,’ നിഖില വിമല്‍ പറയുന്നു.
Content Highlight: Nikhila Vimal Talks About Dubbing For Karnan Movie