|

അന്ന് പാട്ടില്‍ എന്നോടൊപ്പം അഭിനയിക്കുമ്പോള്‍ ആസിക്ക ചീത്ത പറയുകയായിരുന്നു: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2019ല്‍ നിഖില വിമല്‍ നായികയായി എത്തി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് മേരാ നാം ഷാജി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള മൂന്നു ഷാജിമാര്‍ ഒത്തുചേരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമ പറഞ്ഞത്.

ചിത്രത്തില്‍ ആസിഫ് അലി, ബിജു മേനോന്‍, ബൈജു സന്തോഷ് എന്നിവരായിരുന്നു നായകന്മാരായി എത്തിയത്. നിഖിലയും ആസിഫ് അലിയും ഒന്നിച്ച് ‘മനസുക്കുള്ളെ’ എന്ന പാട്ടും ഈ സിനിമയില്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ ബിനാലെ നടക്കുമ്പോള്‍ ഈ പാട്ട് ഷൂട്ട് ചെയ്തതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നിഖില വിമല്‍. ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

മേരാ നാം ഷാജി എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ ഞാനും ആസിക്കയുമായിരുന്നു അഭിനയിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ ബിനാലെ നടക്കുന്ന സമയത്തായിരുന്നു ആ സിനിമയിലെ പാട്ടൊക്കെ ഷൂട്ട് ചെയ്തത്. ‘മനസുക്കുള്ളെ’ എന്ന പാട്ടും ആ സമയത്താണ് ഷൂട്ട് ചെയ്തത്.

അതുകൊണ്ട് അവിടെ ഫോറിനേഴ്‌സൊക്കെ വരുമായിരുന്നു. അവര്‍ വരുമ്പോള്‍ ഞാനും ആസിക്കയും രണ്ട് പൊട്ടന്മാരെ പോലെ റോഡില്‍ നിന്ന് ഡാന്‍സ് കളിക്കുകയാകും (ചിരി). അവര്‍ക്കൊന്നും അങ്ങനെ ഡാന്‍സ് കളിക്കുന്ന സെറ്റപ്പില്ലല്ലോ. നമ്മളെ പോലെ ഡാന്‍സേഴ്‌സും ഉണ്ടാകില്ല. ആസിക്ക ചീത്ത പറഞ്ഞു കൊണ്ടാണ് ആ പാട്ടില്‍ അഭിനയിച്ചത്.

‘പണ്ടാരമടങ്ങാന്‍’ എന്നൊക്കെ പറഞ്ഞു കൊണ്ടാണ് ലിപ് സിങ്കില്ലാത്ത സീനില്‍ അഭിനയിച്ചത്. കാണുമ്പോള്‍ എക്‌സ്പ്രഷന്‍ ഓക്കെയാണ്. അതായത് ആസിക്ക ചീത്തയാണ് പറയുന്നതെന്ന് നമുക്ക് ഒരിക്കലും പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റില്ല. പക്ഷെ ‘അയ്യേ നാണകേട്. എല്ലാവരും കാണും’ എന്നൊക്കെ പറഞ്ഞിട്ടാണ് ആ സീനുകള്‍ ഞങ്ങള്‍ ചെയ്തത്,’ നിഖില വിമല്‍ പറഞ്ഞു.

മേരാ നാം ഷാജി:

യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് ആയിരുന്നു ഈ സിനിമ നിര്‍മിച്ചത്. ശ്രീനിവാസന്‍, മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവന്‍ നവാസ്, ജി. സുരേഷ് കുമാര്‍, ടിനി ടോം, ജാഫര്‍ ഇടുക്കി തുടങ്ങിയ മികച്ച താരനിരയായിരുന്നു മേരാ നാം ഷാജിയില്‍ അഭിനയിച്ചത്.

Content Highlight: Nikhila Vimal Talks About Asif Ali And Mera Naam Shaji