വീട്ടില്‍ കൊണ്ട് പോകാന്‍ കഴിയുന്ന അനിയത്തി കുട്ടിയാണ് ആ നായിക: നിഖില വിമല്‍
Movie Day
വീട്ടില്‍ കൊണ്ട് പോകാന്‍ കഴിയുന്ന അനിയത്തി കുട്ടിയാണ് ആ നായിക: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th August 2024, 8:22 am

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിച്ച അഭിനേത്രിയാണ് നിഖില വിമല്‍. തമിഴിലും മലയാളത്തിലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടവര്‍.

ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും നല്ല കാര്യം അനശ്വര രാജന്‍ ആണെന്ന് പറയുകയാണ് നിഖില വിമല്‍. തനിക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ പറ്റുന്നൊരു അനിയത്തി കുട്ടിയാണ് അനശ്വരയെന്നും നിഖില വിമല്‍ പറയുന്നു. ഗുരുവായൂരമ്പലനടയില്‍ സിനിമയുടെ വിജയാഘോഷത്തില്‍ സംസാരിക്കുകയാണ് അവര്‍.

‘ഗുരുവായൂരമ്പലനടയില്‍ സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത് അനശ്വര രാജനുമായാണ്. എന്റെ പാര്‍ട്ണര്‍ ഇന്‍ ക്രൈം എന്ന് വേണമെങ്കില്‍ പറയാം. എനിക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ പറ്റുന്ന അനിയത്തി കുട്ടിയാണ് അവള്‍. അനശ്വരയെ എനിക്ക് തന്നത് ഈ സിനിമയാണ്. ഒരുപാട് സന്തോഷം എനിക്ക് അവളെ കിട്ടിയതില്‍,’ നിഖില വിമല്‍ പറയുന്നു.

ബേസില്‍ ജോസഫിനെ കുറിച്ചും നിഖില പറയുന്നു. അദ്ദേഹം കൂടെയുള്ളപ്പോള്‍ ഒരു പ്രത്യേകതരം വൈബാണെന്നും എപ്പോഴും വഴക്കിടുകയും കളിയാകുകയുമൊക്കെ ചെയ്യാറുണ്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

‘ബേസിലേട്ടനെ കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് അടുപ്പം തോന്നുന്ന ആളുകളോടാണ് നമുക്ക് ഏറ്റവും കൂടുതല്‍ വഴക്കിടാനും കളിയാക്കാനുമൊക്കെ പറ്റുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ബേസിലേട്ടന്‍ എപ്പോഴും ഞങ്ങളുടെ കൂടെയാണ്. അദ്ദേഹമുള്ളപ്പോ സെറ്റില്‍ നല്ല രസമാണ്. ബേസിലേട്ടന്റെ കൂടെ നില്‍കുമ്പോള്‍ എപ്പോഴും ഒരു പ്രത്യേകതരം വൈബ് ആണ്,’ നിഖില പറയുന്നു.

ഈ വര്‍ഷം ഇറങ്ങിയതില്‍ മികച്ച എന്റര്‍ടെയ്‌നറുകളുടെ കൂട്ടത്തില്‍ മുന്‍നിരയിലുള്ള ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും E4 എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് നിര്‍മിച്ചിരിക്കുന്നത്. പൃഥ്വിരാജ്, നിഖില വിമല്‍, അനശ്വര രാജന്‍, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടിയോടടുത്ത് കളക്ഷന്‍ നേടിയിരുന്നു.

Content Highlight: Nikhila Vimal Talks About Anaswara Rajan And Basil Joseph